മലയാളികള്‍ക്ക് ഓണസമ്മാനമായി കിട്ടിയ എറണാകുളം– ബംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ഓണത്തിനു മുന്‍പേ ഔട്ടായതില്‍ വലഞ്ഞ് യാത്രക്കാര്‍. ഓണമാഘോഷിക്കാന്‍ നാട്ടിലെത്താന്‍ വന്ദേഭാരത് പ്രതീക്ഷിച്ചിരുന്ന മലയാളികളാണ് റെയില്‍വേയുടെ നടപടിയില്‍ പ്രതിസന്ധിയിലായത്. വന്ദേഭാരത് പിന്‍വലിച്ചതോടെ ഈ റൂട്ടില്‍ പകല്‍ കൊള്ള നടത്തുകയാണ് സ്വകാര്യ ബസുകള്‍.
105 ശതമാനം ബുക്കിങ്ങുണ്ടായിരുന്ന എറണാകുളം– ബംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് നിര്‍ത്തലാക്കിയത് ഓഗസ്റ്റ് 26ന്. വരുമാനം ഉണ്ടെങ്കില്‍ സര്‍വീസ് നീട്ടാമെന്ന റെയില്‍വേയുടെ വാഗ്ദാനം പാഴായതോടെ ഓണമാഘോഷിക്കാന്‍ കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് യാത്ര സ്വപ്നം കണ്ട മലയാളികള്‍ പ്രതിസന്ധിയിലായി. സ്വകാര്യ ബസുകാര്‍ക്ക് പക്ഷേ, ഇത് ഗുണകരവുമായി.
വന്ദേഭാരത് പിന്‍വലിച്ചതിന് പിന്നാലെ സ്വകാര്യ വോള്‍വോ അടക്കമുള്ള ബസുകളുടെ നിരക്കിലുണ്ടായത് ഇരട്ടി വര്‍ധന. അടുത്ത ദിവസങ്ങില്‍ ടിക്കറ്റ് നിരക്ക് പിന്നെയും ഉയരും. പത്താംതീയതിക്കുള്ളില്‍ അയ്യായിരം രൂപ കടക്കാനാണ് സാധ്യത. 1465 രൂപയ്ക്ക് വന്ദേഭാരതിന്‍റെ എസി ചെയര്‍ കാറില്‍ നാട്ടിലെത്താമായിരുന്ന സ്ഥാനത്താണ് ഈ കൊള്ള നിരക്ക്.
ഓണനാളുകളില്‍ കേരളത്തിലേക്കുള്ള മറ്റു ട്രെയിനുകളുടെ ടിക്കറ്റും വെയിറ്റിങ് ലിസ്റ്റിലാണെന്നുള്ളതും ആശങ്ക കൂട്ടുന്നു. ഓണത്തിനോടനുമ്പന്ധിച്ച് സ്പെഷല്‍ ട്രെയിനുകള്‍ കേന്ദ്രം അനുവദിക്കാറുണ്ടെങ്കിലും നേരത്തേ അവധിയെടുക്കുന്നവര്‍ക്ക് ഇത് ഉപകാരപ്പെടാറില്ല. കെഎസ്ആര്‍ടിസി നടത്തുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് മാത്രമാണ് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താനുള്ള ഇനി ഏക ആശ്രയം. എങ്കിലും യാത്രക്കാരുടെ തിരക്ക് കാരണം ടിക്കറ്റ് ക്ഷാമമുണ്ടാകാനും സാധ്യതയുണ്ട്.