കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ സിബിഐയുടെ നിര്‍ണായക കണ്ടെത്തല്‍. ഡോക്ടറുടെ അര്‍ധ നഗ്ന മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളിനടുത്തുളള ഭാഗം നവീകരിക്കണമെന്ന് പിറ്റേ ദിവസം മുന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനാണ് സന്ദീപ് ഘോഷ് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ മാസം 9ന് രാവിലെയാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സെമിനാർ ഹാളിനോടു ചേർന്നുള്ള മുറിയും ശുചിമുറിയും നവീകരിക്കാനാണ് പിഡബ്ല്യുഡിക്ക് സന്ദീപ് ഘോഷ് അനുമതി കത്ത് നൽകിയിരുന്നത്. രാജ്യത്തെ തന്നെ നടുക്കിയ ഒരു സംഭവം നടന്നിട്ടും വളരെ ഉദാസീനതയോടെയാണ് പ്രിന്‍സിപ്പല്‍ കാര്യങ്ങളെ കണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
അതേസമയം നവീകരണജോലി ആരംഭിച്ചതായും എന്നാല്‍ വിദ്യാർഥിപ്രതിഷേധത്തെത്തുടര്‍ന്ന് പണി നിര്‍ത്തിവക്കുകയായിരുന്നുമെന്നുമാണ് റിപ്പോര്ട്ടുകള്‍.
മെഡിക്കൽ കോളജിൽ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയിലാണ്. 2021 ഫെബ്രുവരി മുതൽ 2023 സെപ്റ്റംബർ വരെ പ്രിൻസിപ്പലായിരുന്നു. 2023 ഒക്ടോബറിൽ സ്ഥലംമാറ്റിയെങ്കിലും ഒരുമാസത്തിനുള്ളിൽ തിരിച്ചെത്തി. വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതുവരെ സന്ദീപ് ഘോഷ് മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ പദവിയിൽ തുടരുകയും ചെയ്തു.