ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ വിമര്‍ശനവുമായി മുന്‍ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിങ്. ഒളിംപിക്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ വിനേഷ് തട്ടിപ്പ് കാണിച്ചെന്ന് ബ്രിജ് ഭൂഷണ്‍ ആരോപിക്കുന്നു. ദൈവം ശിക്ഷിച്ചതിനാലാണ് വിനേഷിന് മെഡല്‍ നേടാനാവാതെ പോയത് എന്നും ബിജെപി മുന്‍ എംപി പറഞ്ഞു.
രണ്ട് ഭാര വിഭാഗത്തില്‍ ഒരു ദിവസം ട്രയല്‍സ് നടത്താന്‍ ഒരു താരത്തിന് സാധിക്കുമോ എന്ന ചോദ്യമാണ് എനിക്ക് വിനേഷിനോട് ചോദിക്കാനുള്ളത്. ഭാരം കൂടുതലാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം ട്രയല്‍സ് നിര്‍ത്തി വയ്ക്കാനാവുമോ?നിങ്ങള്‍ ഗുസ്തിയില്‍ ജയിച്ചില്ല. തട്ടിപ്പിലൂടെയാണ് നിങ്ങള്‍ മത്സരിക്കാന്‍ പോയത്. അതിനുള്ള ശിക്ഷയാണ് ദൈവം നിങ്ങള്‍ക്ക് നല്‍കിയത്, ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ പറയുന്നു.
ഗുസ്തി താരം ബജ്റംഗ് പൂനിയക്കെതിരേയും ബ്രിജ് ഭൂഷണ്‍ ആരോപണം ഉന്നയിക്കുന്നു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ട്രയല്‍സില്‍ പങ്കെടുക്കാതെയാണ് ബജ്റംഗ് പൂനിയ പോയത് എന്നാണ് ബ്രിജ് ബൂഷണിന്റെ ആരോപണം. 'സ്പോര്‍ട്സിന്റെ കാര്യത്തില്‍ ഹരിയാനയാണ് ഇന്ത്യയുടെ കിരീടം ചൂടുന്നത്. എന്നാല്‍ രണ്ടര വര്‍ഷമായി ഹരിയാനയിലെ ഗുസ്തി മത്സരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായിരിക്കുന്നു. ബജ്റംഗ് ട്രയല്‍സില്‍ പങ്കെടുക്കാതെയാണോ ഏഷ്യന്‍ ഗെയിംസിനായി പോയത്? ഗുസ്തിയില്‍ വിദഗ്ധരായവരോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
പെണ്‍കുട്ടികളെ അപമാനിച്ചെന്ന കുറ്റബോധം എനിക്കില്ല. പെണ്‍മക്കളെ അപമാനിച്ചെന്ന കുറ്റബോധം ഉണ്ടാവേണ്ടത് ബജ്റംഗിനും വിനേഷിനുമാണ്. പിന്നെ ഈ കഥ എഴുതിയ ഭൂപിന്ദര്‍ ഹൂഡയ്ക്കും. അവര്‍ക്കാണ് ഉത്തരവാദിത്വം എന്നും ബ്രിജ്ഭൂഷണ്‍ ആരോപിക്കുന്നു.