ഭിന്നശേഷിക്കാരിയ കുട്ടികള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മോട്ടിവേഷണല്‍ സ്പീക്കര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ പ്രശസ്തനായ മോട്ടിവേഷണല്‍ സ്പീക്കര്‍ മഹാവിഷ്ണുവിനെയാണ് തമിഴ്‌നാട് പൊലീസ് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ അശോക് നഗർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ വച്ചാണ് മഹാവിഷ്ണുവിന്റെ വിവാദ പ്രസംഗം ഉണ്ടായത്. ``മുൻ ജന്മത്തിൽ ചെയ്ത പാപമാണ് ഈ ജന്മത്തിൽ ഭിന്നശേഷിക്കാരനായി ജനിക്കാൻ കാരണം'' എന്ന് മഹാവിഷ്ണു പറഞ്ഞു. ഇത് ചോദ്യം ചെയ്ത ഭിന്നശേഷിക്കാരനായ അധ്യാപകനുമായി ഇയാള്‍ തര്‍ക്കിക്കുകയും ചെയ്തു.
മഹാവിഷ്ണു വികലാംഗരെ അപമാനിച്ചെന്നും ഇത് വികലാംഗർക്ക് നേരെയുള്ള അക്രമമാണെന്നും കാണിച്ച് തമിഴ്‌നാട് അസോസിയേഷൻ ഫോർ ദി റൈറ്റ്‌സ് ഓഫ് ഓൾ പേഴ്‌സൺ വിത്ത് ഡിസെബിലിറ്റീസ് സൈതപ്പേട്ട പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഈ സമയം ഇയാള്‍ ഓസ്ട്രേലിയയില്‍ ആയിരുന്നതുകൊണ്ട് പൊലീസിന് കൂടുതല്‍ നടപടികളിലേക്ക് കടക്കാനായില്ല.
കഴിഞ്ഞ ദിവസം ഇയാള്‍ ലൈവില്‍ വന്ന് താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല എന്ന് പറഞ്ഞിരുന്നു. 'ഞാൻ രാവിലെ അശോക് നഗർ സ്കൂളിൽ പ്രസംഗം നടത്തി, ഉച്ചയ്ക്ക് മറ്റൊരു സ്കൂളിൽ ഒരു പ്രോഗ്രാം പൂർത്തിയാക്കി അടുത്ത ദിവസം ഓസ്ട്രേലിയയിലേക്ക് തിരിക്കുകയായിരുന്നു. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ എനിക്ക് ബാധ്യതയുണ്ട്. അതിനാൽ ഞാൻ ഇവിടെ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് ഏഴിനു ചെന്നൈ വിമാനത്താവളത്തിലെത്തും. പോലീസിലും ഇന്ത്യയിലെ നിയമങ്ങളിലും എനിക്ക് വിശ്വാസമുണ്ട്,' ലൈവ് വിഡിയോയില്‍ മഹാവിഷ്ണു പറഞ്ഞു.
മഹാവിഷ്ണു ഇന്ത്യയിലേക്ക് എത്തുന്ന ദിവസം വിമാനത്താവളത്തിന് പുറത്ത് നൂറിലധികം പോലീസുകാരാണ് നിലയുറപ്പിച്ചിരുന്നത്. വികലാംഗരുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വികലാംഗർക്കെതിരായ അതിക്രമം, വികലാംഗരുടെ അവകാശ നിയമം, ഭാരതീയ ന്യായ സംഹിത തുടങ്ങി 5 നിയമങ്ങൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പിന്നീട് സൈദാപേട്ട കോടതിയിൽ പോലീസ് ഹാജരാക്കിസെപ്തംബർ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. നിലവിൽ പുഴൽ ജയിലിലാണ് മഹാവിഷ്ണു.