സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ ഒരു റാഗിങ് വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. മൂന്നുനാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി അടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹിമാചല്‍പ്രദേശിലെ സോളന്‍ ബെഹ്റ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മുറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നത്.
മദ്യപിക്കാന്‍ ആവശ്യപ്പെട്ടിട്ട് ജൂനിയര്‍ വിദ്യാര്‍ത്ഥി നിഷേധിച്ചതാണ് ക്രൂരമര്‍ദനത്തിനു കാരണം. ബെല്‍റ്റ് കൊണ്ടും കൈ കൊണ്ടും മുഖത്തടിക്കുന്നതും പിടിച്ചുതള്ളുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കസേരയില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നതും മദ്യം കഴിക്കാന്‍ ആവശ്യപ്പെടുന്നതും വ്യക്തമാണ്. റാഗിങ് സമയത്ത് മറ്റു വിദ്യാര്‍ത്ഥികള്‍ ബെഡില്‍ ഇരുന്നും കിടന്നും സംഭവത്തിനു ദൃക്സാക്ഷികളാണ്.
വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. ഈ മര്‍ദനത്തിനു ദിവസങ്ങള്‍ക്കുമുന്‍പേ തന്നെ ക്രൂരമായ തരത്തിലുള്ള പെരുമാറ്റമാണ് സീനിയേഴ്സില്‍ നിന്നും ഉണ്ടായത്. വലിയ തോതിലുളള പരുക്ക് ശരീരത്തിലും മനസിനുമേറ്റതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്തെങ്കിലും ഉടന്‍ ജാമ്യം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം യൂണിവേഴ്സിറ്റിയുടെ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.