മദ്യ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം. സുപ്രീംകോടതിയാണ് സി.ബി.ഐ കേസില്‍ ജാമ്യം നല്‍കിയത് . ഇതോടെ അഞ്ചുമാസത്തെ തിഹാര്‍ ജയില്‍വാസത്തിനൊടുവില്‍ കേജ്‌രിവാള്‍ മോചിതനാകും. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

ജാമ്യത്തിന്‍റെ കാര്യത്തില്‍ അടിസ്ഥാനതത്വം സ്വാതന്ത്ര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒഴിവാക്കാനാകാത്ത ഘട്ടത്തില്‍ മാത്രം ജയിലെന്നും കോടതി ഓര്‍മിപ്പിച്ചു. കേസെടുത്ത് 22 മാസമായിട്ടും അറസ്റ്റ് ചെയ്യണമെന്ന് തോന്നിയില്ലെന്ന് കോടതി ചോദിച്ചു. ഇത്തരം നടപടി അറസ്റ്റിനെക്കുറിച്ച് ഗുരുതരമായ ചോദ്യം ഉയര്‍ത്തുന്നു. അറസ്റ്റിന്‍റെ ആവശ്യകത തൃപ്തികരമല്ലെന്ന്് ജ. ഉജ്ജല്‍ ഭൂയാന്‍ വ്യക്തമാക്കി. വിചാരണയ്ക്ക് മുമ്പുള്ള നടപടിക്രമം ശിക്ഷയാകുന്നില്ലെന്ന് കോടതികള്‍ ഉറപ്പുവരുത്തണം. കൂട്ടിലടച്ച തത്തയാണെന്ന ധാരണ സി.ബി.ഐ ഇല്ലാതാക്കണം. കൂട്ടിലടച്ച തത്തയല്ലെന്ന് കാണിക്കണം. സിബിഐ സംശയത്തിന് അതീതമായ സീസറിന്‍റെ ഭാര്യയെപ്പോലെ ആകണമെന്നും കോടതി. അതേസമയം, അറസ്റ്റ് നിയമപരമെന്ന് ജസ്റ്റിസ് സൂര്യകാന്ത് മറുപടി പറഞ്ഞു 

ആം ആദ്മി പാര്‍ട്ടി കുടുംബത്തിന് അഭിനന്ദനങ്ങളെന്നും കൂടെ നിന്നതിന് നന്ദിയെന്നും സുനിത കെജ്‌‌രിവാള്‍ പ്രതികരിച്ചു. കേസിലെ ജാമ്യാപേക്ഷയിലും സി.ബി.ഐ അറസ്റ്റിനെതിരായ ഹര്‍ജിയിലമാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഒരു ദിവസം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്. ഇ.ഡി കേസില്‍ കേജ്രിവാളിന് സുപ്രിംകോടതി നേരത്തെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. 

ENGLISH SUMMARY:

"Arrest Legal, But...": What Court Said While Giving Arvind Kejriwal Bail