principal-uttar-pradesh

ഫോട്ടോ: എക്സ്

TOPICS COVERED

മാംസ ഭക്ഷണം സ്കൂളില്‍ കൊണ്ടുവന്നതിന് നഴ്സറി വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശിയ ബാലാവകാശ കമ്മിഷന്‍. ജില്ലാ മജിസ്ട്രേറ്റിനോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ അംരോഹയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. 

വിദ്യാര്‍ഥി മാംസ ഭക്ഷണം സ്കൂളില്‍ കൊണ്ടുവന്നതിന്റെ പേരില്‍ കുട്ടിയുടെ മാതാപിതാക്കളും ഹില്‍ട്ടണ്‍ കോണ്‍വെന്റ് സ്കൂള്‍ പ്രിന്‍സിപ്പലും തമ്മില്‍ നടത്തുന്ന തര്‍ക്കത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ സ്കൂള്‍ പ്രിന്‍സിപ്പല്‍ അവിനാഷ് കുമാര്‍ ശര്‍മയോട് ജില്ലാ ശിശുക്ഷേമ സമിതിക്ക് മുന്‍പാകെ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. 

മാംസാഹാരം കൊണ്ടുവന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തന്റെ മൂന്ന് മക്കള്‍ സ്കൂളില്‍ പോകാന്‍ ഭയപ്പെടുന്നതായി കുട്ടികളുടെ അമ്മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട്  പറഞ്ഞു. ആണ്‍കുട്ടിയുടെ അമ്മയും സ്കൂള്‍ പ്രിന്‍സിപ്പലും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ വിഡിയോ സെപ്തംബര്‍ ആറിനാണ് പുറത്തുവരുന്നത്. മുംസ്ലീം വിഭാഗത്തില്‍ നിന്ന് വരുന്ന ആണ്‍കുട്ടി സ്കൂളില്‍ മതപരമായ അഭിപ്രായങ്ങള്‍ പറയുന്നതായും ദിവസവും മാംസ ഭക്ഷണം കൊണ്ടുവരുന്നതുമായാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആരോപിച്ചത്. 

10 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ മജിസ്ട്രേറ്റിനോട് ദേശിയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥിയുടെ മറ്റ് സഹോദരങ്ങള്‍ അതേ സ്കൂളില്‍ പഠിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. 

ENGLISH SUMMARY:

The National Commission for Child Rights has ordered an inquiry into allegations that nursery students were suspended from school for bringing meat food to school. The District Magistrate has been asked to investigate and submit a report.