ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി സ്ഥലങ്ങളുടേയും വിമാനത്താവളങ്ങളുടേയും പേരുമാറ്റിയിരുന്നു. ഈ ലിസ്റ്റിലേക്ക് ഇനി പോര്‍ട്ട്ബ്ലയറും. പോര്‍ട്ട്ബ്ലയര്‍ ഇനി ശ്രീവിജയപുരം എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന്കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമാണ് പോര്‍ട്ട് ബ്ലയര്‍.. എന്നാല്‍ ഈ മാറ്റം ട്രോളന്‍മാര്‍ നന്നായങ്ങ് ആഘോഷിക്കുകയാണ്. മനോഹരമായൊരു പേരുമാറ്റുന്നതിലെ അമര്‍ഷം ട്രോളുകളില്‍ നിറയുകയാണ്.
കൊളോണിയല്‍ കാലത്തെ ഓര്‍മ്മകള്‍ ഇനി വേണ്ടെന്നാണ് തീരുമാനം.കൊളോണിയര്‍ സ്മരണകളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാനാണ് പോര്‍ട്ട്ബ്ലയറിന്റെ പേരുമാറ്റുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എക്സില്‍ കുറിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമാനതകളില്ലാത്ത സ്ഥാനമാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
‘കൊളോണിയല്‍ സംസ്കാരത്തില്‍ നിന്നും കൊളോണിയന്‍ പശ്ചാത്തലത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കു എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പോര്‍ട്ട്ബ്ലയറിന്റെ പേരുമാറ്റി ശ്രീവിജയപുരം എന്നാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു. പഴയപേരിനു കൊളോണിയല്‍ പാരമ്പര്യമുണ്ട്. പുതിയപേര് നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ നേട്ടങ്ങളേയും അതില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും എടുത്തുകാണിക്കുന്നു’എന്നതാണ് ഷായുടെ വാക്കുകള്‍.
നമ്മുടെ ത്രിവര്‍ണപതാക ആദ്യമായി സുഭാഷ് ചന്ദ്രബോസ് ജി ഉയര്‍ത്തിയതും വീര്‍ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര നേതാക്കള്‍ ജയിലില്‍ കിടന്നു പോരാടിയതും ഇതേ സ്ഥലത്താണെന്നും ഷാ പറയുന്നു.