ശുചിമുറി ഉപയോഗിക്കുന്നതിന് ആയിരം രൂപയുടെ ബില്ല് കാണിക്കണമെന്ന ഷോപ്പിങ് മാളിന്‍റെ നടപടിക്കെതിരെ സമൂഹമാധ്യമത്തില്‍ കടുത്ത വിമര്‍ശനം. ആയിരം രൂപയുടെ സാധനം വാങ്ങാത്തതിനാല്‍ ശുചിമുറിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരാള്‍ റെഡ്ഡിറ്റില്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചതോടെ രൂക്ഷവിമര്‍നമാണ് മാളിനെതിരെ ഉയരുന്നത്.
ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലുള്ള ഫോണിക്സ് മാര്‍ക്കറ്റ്സിറ്റി മാളില്‍ വച്ചാണ് യുവാവിന് ദുരനുഭവമുണ്ടായത്. മാളിലെ ഗ്രൗണ്ട് ഫ്ലോറിലുള്ളത് ‘വി.ഐ.പി ശുചിമുറി’ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നിഷേധിച്ചത് എന്നാണ് യുവാവ് ആരോപിക്കുന്നത്. ഇത് ജനങ്ങള്‍ അറിയണം, ശുചിമുറിയില്‍ പോലും ബില്ലിന്‍റെ പേരിലുള്ള ഈ വേര്‍തിരിവ് എന്തിനാണെന്നാണ് യുവാവ് ചോദിക്കുന്നത്.
‘ചര്‍ച്ച് റോഡില്‍ നിന്നാണ് ഞാന്‍ ഷോപ്പിങ്ങിനായി ഫോണിക്സ് മാര്‍ക്കറ്റ്സിറ്റി മാളില്‍ പോയത്. ഷോപ്പിങ് പൂര്‍ത്തിയാക്കും മുന്‍പ് എനിക്കൊന്ന് ശുചിമുറിയില്‍ പോകണമായിരുന്നു. എന്നാല്‍ അവിടെവച്ച് വളരെ മോശമായ അനുഭവമാണുണ്ടായത്. മാളിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള ശുചിമുറി ഇപ്പോള്‍ ‘വി.ഐ.പി ശുചിമുറി’ ആണ്. അതിനുള്ളില്‍ കയറണമെങ്കില്‍ ആയിരം രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് ബില്‍ കാണിക്കണം. ഒരു വനിത സെക്യൂരിട്ടിയേയും അവിടെ നിര്‍ത്തിയിട്ടുണ്ട്. ശുചിമുറി ഉപയോഗിക്കണമെങ്കില്‍ എന്തിനാണ് ബില്‍ എന്ന ആശയക്കുഴപ്പത്തിലാണ് ഞാന്‍’ എന്നാണ് യുവാവിന്‍റെ കുറിപ്പ്.
മറ്റ് ഫ്ലോറുകളിലെ ശുചിമുറികളുടെ അവസ്ഥ അതീവ പരിതാപകരമായിരുന്നു. ഫ്ലഷ് പോലും പലതിന്‍റെയും വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നില്ല എന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ ഇത് ഒരുതരം സാമൂഹിക വേര്‍തിരിവാണ് എന്നു പറഞ്ഞ് പലരും കുറിപ്പുകള്‍ പങ്കുവച്ചെത്തി. ഇത്തരമൊരു ട്രെന്‍ഡ് വളര്‍ന്നുവരികയാണോ? ഇതെങ്ങനെ ശരിയാകും എന്നാണ് പലരും ചോദിക്കുന്നത്.
യുവാവ് പറഞ്ഞത് ശരിയാണ്, തനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മറ്റൊരാളും കമന്‍റ് ചെയ്തു. അതെന്താ, സ്വര്‍ണംകൊണ്ടുള്ള ശുചിമുറിയാണോ എന്നും ഇയാള്‍ ചോദിക്കുന്നു. മുന്‍പ് ഇതേ മാളില്‍ ശുചിമുറി ഉപയോഗിക്കുന്നതിന് 20 രൂപ പാസെടുക്കണമായിരുന്നു, ഇപ്പോഴത് നിര്‍ത്തലാക്കി എന്നാണ് കരുതുന്നതെന്ന് ഒരാള്‍ കമന്‍റിട്ടു. ഈ കമന്‍റിന് മറുപടിയായി അത് ശരിയാണ്, അങ്ങനെയായിരുന്നു മുന്‍പ്. താനും പണം കൊടുത്ത് ശുചിമുറി ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.