‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ’ സുപ്രധാന ചുവടുവയ്പ്പെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ കൂടുതല്‍ ഊര്‍ജസ്വലവും പങ്കാളിത്തമുള്ളതുമാക്കുന്നതായിരിക്കും നീക്കം. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദനമെന്നും മോദി എക്സില്‍ കുറിച്ചു. 

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. റാംനാഥ് കോവിന്ദ് കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. പ്രായോഗികമല്ലെന്നും പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു

ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുമാണ് മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. കാലാവധി കഴിയുന്ന നിയമസഭകള്‍ പൊതുതിരഞ്ഞെടുപ്പ് വരെ നീട്ടുകയും കാലാവധി പൂര്‍ത്തിയാക്കാത്ത നിയമസഭകള്‍ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് പിരിച്ചുവിടുകയും വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതടക്കം 18 നിയമസഭേഗദതികള്‍ ആവശ്യമാണ്.  ഏകീകൃത തിരഞ്ഞെടുപ്പ് പട്ടികയും തയാറാക്കണം. ചെലവ് കുറയ്ക്കാനും പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാനും ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് സഹായിക്കുമെന്ന് മന്ത്രിസഭ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  എന്നുമുതലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കേണ്ടതെന്ന് റാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 

അതേസമയം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞു.  

ENGLISH SUMMARY:

'Step to make democracy more vibrant': PM Modi endorses One Nation, one election; thanks former Prez Kovind