ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുകയാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സക്ഷ്യകക്ഷികളില്‍ ജെ.ഡി.യു. ബില്ലിന് അനുകൂലമാണ്. എന്നാല്‍ തെലുങ്കുദേശം പാര്‍ട്ടി ഇതുവരെ നിലപാടറിയിച്ചിട്ടില്ല. ഇന്ത്യ സഖ്യത്തിലും ഏകാഭിപ്രായമല്ല ഇക്കാര്യത്തില്‍   

ലോക്സഭയിലും രാജ്യസഭയിലും  ജനതാ ദള്‍ യുണൈറ്റഡിന്റെ പിന്തുണ ബി.ജെ.പിക്ക് ഉറപ്പിക്കാം. റാംനാഥ് കോവിന്ദ് സമിതി അഭിപ്രായം തേടിയപ്പോള്‍ അനുകൂലമായാണ് ജെ.ഡി.യു പ്രതികരിച്ചത്. മുന്നണിയിലെ മറ്റ് ചെറുകക്ഷികളും അനുകൂലമായിരുന്നു. എന്നാല്‍ തെലുങ്ക്ദേശം പാര്‍ട്ടി അഭിപ്രായം പറയാതെ മൗനം പാലിച്ചതാണ് ഭരണമുന്നണിക്ക് ആശങ്ക. എങ്കിലും ടി.ഡി.പിയെ കൂടെനിര്‍ത്താമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്നു. അണ്ണാ ഡി.എം.കെ. ഉള്‍പ്പെടെ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത ചെറുപാര്‍ട്ടികള്‍ പലതും റാംനാഥ് കോവിന്ദ് സമിതിക്ക് മുന്നില്‍ അനുകൂല നിലപാട് സ്വീകരിച്ചതും ബി.ജെ.പിക്ക് ആശ്വാസമാണ്. നിലവില്‍ ഇന്ത്യ സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിജു ജനതാദള്‍ അനുകൂലിച്ചു എന്നതും ശരദ് പവാറിന്റെ എന്‍.സി.പി. പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയം. മറുവശത്ത് ഇന്ത്യ മുന്നണിയില്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായമല്ല ഉള്ളത്. ജെ.എം.എമ്മും മുസ്‍ലിം ലീഗും ഉള്‍പ്പെടെയുള്ളവര്‍ സമിതിക്ക് മുന്നില്‍ പ്രതികരിക്കാന്‍ തയാറായില്ല. എങ്കിലും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് വന്നാല്‍ നിലവില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായവര്‍ ഒരുമിച്ചു നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 

ENGLISH SUMMARY:

One Nation One Election; Big challenge to pass in Parliament