ey-employee

അന്ന സെബാസ്റ്റ്യന്‍ പേരയിലിന്‍റെ മരണത്തോടെ പ്രതിരോധത്തിലാകുകയാണ് ഏണസ്റ്റ് ആന്‍റ് യങ് കമ്പനി. കമ്പനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുകയാണ്. ഇ.വൈയില്‍ ജോലിഭാരം താങ്ങാവുന്നതിലും അപ്പുറമാണ് തന്‍റെ ഭാര്യയ്ക്ക് കമ്പനിയില്‍ നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളത് എന്ന വെളിപ്പെടുത്തലുമായി ആകാശ് വെങ്കിട്ടസുബ്രഹ്മണ്യന്‍ എന്നയാള്‍ ലിന്‍ക്ഡ് ഇന്നില്‍ പങ്കുവച്ച കുറിപ്പ് വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

ആകാശ് വെങ്കിട്ടസുബ്രഹ്മണ്യന്‍റെ കുറിപ്പ്

‘ഇ.വൈയിലെ മോശം ജോലിസാഹചര്യങ്ങള്‍ കൊണ്ട് എന്‍റെ ഭാര്യ അവിടുത്തെ ജോലി ഉപേക്ഷിച്ചതാണ്. അന്നവള്‍ അത് ചെയ്തില്ലായിരുന്നുവെങ്കില്‍ അവള്‍ക്ക് എന്ത് സംഭവിച്ചേനെ എന്നോര്‍ക്കാന്‍ പോലുമാകില്ല. രാജ്യത്തെ മിക്ക മള്‍ട്ടിനാഷണല്‍ കമ്പനികളും 18 മണിക്കൂര്‍ ജോലി എന്നതിനെ മഹത്വവത്കരിക്കുകയും പ്രശംസിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ അതെ കമ്പനി ഇന്ത്യയ്ക്ക് പുറത്ത് ഇത്തരമൊരു സാഹസത്തിന് മുതിരില്ല.

എത്ര ഭാരവും ചുമക്കാന്‍ കെല്‍പ്പുള്ള കഴുതകളായാണ് ഇത്തരം കമ്പനികള്‍ ഇന്ത്യക്കാരെ കാണുന്നത്. അവര്‍ വര്‍ഷത്തില്‍ 365 ദിവസവും ഒരു സെക്കന്‍റ് പോലും പാഴാക്കാതെ കമ്പനിക്കു വേണ്ടി പണിയെടുക്കണം. സര്‍ക്കാരിനാകട്ടെ എന്തൊക്കെ സഹിച്ചാണ് ഓരോ തൊഴിലാളിയും ജോലി ചെയ്യുന്നത് എന്നൊന്നും തിരക്കാതെ കയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ നിന്ന് നികുതി പിരിക്കാനുള്ള തിടുക്കം മാത്രമാണുള്ളത്.

അടിസ്ഥാനപരമായി വേണ്ട സൗകര്യങ്ങളും സാഹചര്യങ്ങളുമില്ലാതെ കഷ്ടപ്പെട്ട് പണിയെടുക്കുന്നവരുടെ കയ്യില്‍ നിന്നാണ് അതീവ സന്തോഷത്തോടെ സര്‍ക്കാര്‍ ഈ നികുതിപ്പണം കൈപ്പറ്റുന്നതെന്നോര്‍ക്കണം. ശമ്പളമില്ലാത്ത അവസ്ഥയിലെത്തുമ്പോള്‍ ഇതേ സര്‍ക്കാര്‍ കയ്യൊഴിയും. സര്‍ക്കാരിനോട് പറയാനുള്ളത് ഒന്നുമാത്രമാണ്, ജോലിഭാരത്താലുള്ള അവസാന മരണമാകട്ടെ ഇത്. എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’.

ബംഗളൂരു കേന്ദ്രീകരിച്ച് ഐ.ടി മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നയാളാണ് ആകാശ്. ഇരുപത്തിയാറുകാരിയായ അന്നയുടെ മരണം വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കമ്പനിക്കെതിരെ ആകാശ് നടത്തിയിരിക്കുന്ന ഈ പ്രതികരണവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ENGLISH SUMMARY:

A Bengaluru-based techie has shared his wife's horrific experience working at Ernst & Young. He says the company has a toxic work culture, often demanding 18-hour workdays.