ജമ്മുവിലെ രജൗരി-പൂഞ്ച് മേഖല ഈ തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമാണ്. ഗുജ്ജര്‍- ബക്കര്‍വാള്‍ ഗോത്രക്കാരാണ് പ്രബല വോട്ട് ബാങ്ക്. മറ്റൊരു പ്രധാന സമുദായമായ പഹാരികളെ ഇവർക്കൊപ്പം പട്ടികജാതി സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയിലൂടെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി.
പീർ പഞ്ചാൾ എന്നറിയപ്പെടുന്ന രജൗരി - പുഞ്ച് മേഖലയിൽ അമിത് ഷാ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്കാണ് സംവരണം. 2022 ലെ മണ്ഡല പുനർനിർണയത്തിൽ ജമ്മു കശ്മീരിലെ 9 സീറ്റുകൾ പട്ടികജാതി സംവരണമാക്കി. ഇതിൽ ആറെണ്ണം റജൗരി - പൂഞ്ച് മേഖലയിൽ. ആട് മേയ്ച് ജീവിക്കുന്ന ഗോത്രവിഭാഗമായ ഗുജ്ജർ ബക്കർവാളുകളാണ് പ്രബല വിഭാഗം. ഇവരിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ. മറ്റൊരു ഗോത്രമായ പഹാരികളിൽ 55 % ഹിന്ദുക്കളും ബാക്കി മുസ്ലീങ്ങളും. ഇവിടെയാണ് പഹാരികൾക്ക് ഭാഷാന്യൂനപക്ഷമെന്ന പേരിൽ സംവരണം നൽകിയതിൻ്റെ രാഷ്ട്രീയം.
മേഖലയിൽ വൻ പ്രക്ഷോഭത്തിനിടയാക്കിയ പഹാരി സംവരണത്തെ തുറന്നെതിർക്കാൻ തിരഞ്ഞടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ തയാറല്ല. പക്ഷേ ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് എതിർ പാർട്ടികൾ. ആറര ലക്ഷം പഹാരികളും പതിനൊന്നു ലക്ഷം ഗുജ്ജർ ബക്കർവാളുകളുമാണ് ജമ്മു കശ്മീരിൽ.