അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി എന്‍.പ്രശാന്ത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചു. സെക്രട്ടേറിയറ്റിലെ ഇടനാഴിയില്‍ പോലും ഇക്കാര്യം പാട്ടാണെന്ന് പ്രശാന്ത് വീണ്ടും ഫെയ്സ്ബുക്കില്‍. വിസില്‍ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ച തനിക്ക് ഐഎഎസ് ചട്ടങ്ങളറിയാമെന്നും പ്രശാന്തിന്‍റെ കുറിപ്പില്‍ പറയുന്നു. നയങ്ങളെയാണ് വിമര്‍ശിക്കാതിരിക്കേണ്ടതെന്നും ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ അല്ലെന്നും പ്രശാന്ത് എഴുതുന്നു. സെറ്റില്‍മെന്‍റിന് പലരും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ വഴങ്ങില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. മുന്‍മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വിമര്‍ശനങ്ങളെ ചൂണ്ടാക്കാട്ടിയപ്പോള്‍ അതാരാണെന്നായിരുന്നു പരിഹാസം.
അതേസമയം, രൂക്ഷ വിമര്‍ശനമാണ് പ്രശാന്തിനെതിരെ മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സമൂഹ മാധ്യമത്തിലൂടെ ഉന്നയിച്ചത്. എന്‍.പ്രശാന്ത് ഐഎഎസ് വില്ലന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ജെ.മേഴ്സിക്കുട്ടിയമ്മയുടെ ആരോപണം. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ പ്രശാന്ത് വില്ലന്‍റെ റോളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് യുഡിഎഫിന് വേണ്ടി ഗൂഢാലോചന നടത്തിയെന്നും ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ അതിന്‍റെ ഭാഗമെന്നും മുന്‍മന്ത്രി കൂടിയായ അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.