മുനമ്പത്തെന്നല്ല കേരളത്തതില്‍ ഒരിടത്തും കുടിയൊഴിപ്പിക്കല്‍ ഉണ്ടാവില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. താമസക്കാരിൽ നിന്ന് നികുതി സ്വീകരിക്കാൻ തീരുമാനിച്ചത് സർക്കാരാണ്. കോടതിയിലുള്ള വിഷയത്തിൽ പ്രതികരിക്കാൻ സർക്കാരിനുള്ള പരിമിതി രാഷ്ട്രീയമായി മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വഖഫല്ല, വഖഫ് സംരക്ഷണ സമിതിയാണ് പരാതിക്കാര്‍. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനായി ഒരു കത്ത് പോലും എഴുതാതെ ആക്ഷന്‍ ഹീറോയെ പോലെ വന്ന് തെറ്റായ പ്രചാരണം നടത്താനാണ് കേന്ദ്രമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം സുരേഷ്ഗോപിയെ കുറ്റപ്പെടുത്തി. ചേരിതിരിവിന് പരവതാനി വിരിക്കുന്നവര്‍ മാറി നില്‍ക്കണമെന്നും നിലവിലുള്ള നിയമത്തെ എതിര്‍ക്കാന്‍ കേന്ദ്രമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര് സമരം ചെയ്താലും ഇല്ലെങ്കിലും പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

മുനമ്പത്തെ ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഒപ്പമുണ്ടെന്നും മന്ത്രി പി.രാജീവും പ്രതികരിച്ചു. നിയമത്തിന്‍റെ നൂലാമാലകള്‍ അഴിച്ച് ജനങ്ങളുടെ അവകാശം സംരക്ഷിക്കാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുനമ്പത്ത് വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ആരോപിച്ചിരുന്നു. ഒരു കുടിയൊഴിക്കലിനെയും സിപിഎം അനുവദിച്ച ചരിത്രമില്ല. വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ മുഖലക്ഷണമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയും ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. 

അതേസമയം, വഖഫ് ഭൂമി തർക്കത്തിനെതിരെ മുനമ്പം നിവാസികൾ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യവുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ സമരവേദിയിൽ എത്തി. സമരത്തിന് വർഗീയ നിറം നൽകാൻ ഇടതുമന്ത്രി തന്നെ ശ്രമിക്കുന്നുവെന്നും കൃഷ്ണകുമാർ ആരോപിച്ചു. സമരത്തെ പിന്തുണച്ചുകൊണ്ട് ബോട്ടും തൂക്കുകയറും ചുമന്നുകൊണ്ട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധപ്രകടനവുമായി എത്തി.

മുനമ്പം വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് സിറോ മലബാര്‍ സഭ രംഗത്തെത്തി. വിഷയത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് സിറോ മലബാര്‍ സഭ തിരുവനന്തപുരം ലൂര്‍ദ് ഫോറോന പളളി വികാരി ഫാ ജോസഫ് കൈതപ്പറമ്പില്‍ പറഞ്ഞു. സമരം ചെയ്യുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയുമായി വിശ്വാസികള്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലി. 

ENGLISH SUMMARY:

Minister V. Abdurahman said that no one will be evicted from Munambam in the Waqf land controversy. He also criticized Suresh Gopi's remarks on the issue.