ഷിരൂരിൽ ഗംഗാവലിയുടെ അടിത്തട്ടിലെ തിരച്ചിലില്‍ രണ്ട് വാഹനങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. ഒരുവാഹനത്തിന്‍റെ ടയറടക്കം കാബിന്‍റെ ഭാഗങ്ങള്‍ ആദ്യം കണ്ടെത്തിയിരുന്നു. മറ്റൊരു വാഹനത്തിന്‍റെ സ്റ്റിയറിങ്ങും ക്ലച്ചും കണ്ടെത്തിയിട്ടുണ്ട്. അര്‍ജുന്‍റെ ട്രക്കിന്‍റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ശ്രമം തുടരുകയാണ്. അര്‍ജുന്റെ ട്രക്കെന്ന് കരുതുന്നുവെന്നും മറിഞ്ഞുകിടക്കുന്ന നിലയിലാണെന്നും ലോറിയുടമ മനാഫ് പ്രതികരിച്ചു.
രാവിലെ വേലിയേറ്റ സമയമായതിനാൽ ആഴത്തിലുള്ള മണ്ണ് നീക്കം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈശ്വർ മൽപെ പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ ആദ്യ മണിക്കൂറിൽ തന്നെ അർജുന്റെ ലോറിയിലെ തടിക്കഷണം കണ്ടെത്തുകയും ചെയ്തിരുന്നു. സോണാർ പരിശോധനയിൽ നാവികസേന ലോഹസാന്നിധ്യം കണ്ടെത്തിയ സ്ഥലത്തായിരുന്നു ഇന്നത്തെ തിരച്ചിൽ. ഡ്രജറിൽ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനൊപ്പമാണ് ഈശ്വർ മൽപെയും പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നത്.
ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഫലം കാണുമെന്നാണ് ഷിരൂരിൽ എത്തിയ അർജുന്റെ സഹോദരി അഞ്ജുവിന്റെ പ്രതീക്ഷ. ഡ്രജിങ് അവസാനത്തെ ശ്രമമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും പ്രതികരണം. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് തീരുമാനം. ആവശ്യമെങ്കിൽ വരും ദിവസങ്ങളിലും തിരച്ചിൽ തുടരും. അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.