ഷിരൂരില്‍ കണ്ടെത്തിയ വാഹനത്തിന്‍റെ ടയര്‍ അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചെന്ന് എകെഎം അഷ്റഫ് എംഎല്‍എ. അര്‍ജുന്‍റെ ലോറി അല്ലെന്ന് ലോറിയുടമ മനാഫും സ്ഥിരീകരിച്ചു. അതേസമയം സ്റ്റിയറിങ് കണ്ടെത്തിയ ഭാഗത്ത് പരിശോധന തുടരുകയാണ്. കണ്ടെത്തിയ വാഹനഭാഗം നേരത്തെ കാണാതായ ടാങ്കര്‍ ലോറിയുടേതെന്നാണ് സ്ഥിരീകരണം.

ഷിരൂരിൽ ഗംഗാവലിയുടെ അടിത്തട്ടിലെ തിരച്ചിലില്‍ നിന്ന് രണ്ട് വാഹനങ്ങളുടെ ഭാഗങ്ങളാണ് കണ്ടെത്തിയിരുന്നത്. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരുവാഹനത്തിന്‍റെ ടയറടക്കം കാബിന്‍റെ ഭാഗങ്ങള്‍ ആദ്യം കണ്ടെത്തിയിരുന്നു. മറ്റൊരു വാഹനത്തിന്‍റെ സ്റ്റിയറിങ്ങും ക്ലച്ചും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഭാഗങ്ങള്‍ അര്‍ജുന്‍റെ വാഹനത്തിന്‍റേതാണോ എന്ന് ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ക്രെയിന്‍ ഉപയോഗിച്ച് വാഹനഭാഗം ഉയര്‍ത്തിയ ശേഷമാണ് വാഹനഭാഗങ്ങള്‍ അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിത്.

രാവിലെ വേലിയേറ്റ സമയമായതിനാൽ ആഴത്തിലുള്ള മണ്ണ് നീക്കം ചെയ്യാന്‍‍ സാധിച്ചിരുന്നില്ല. ഈശ്വർ മൽപെ പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ ആദ്യ മണിക്കൂറിൽ അർജുന്റെ ലോറിയിലെ തടിക്കഷണം കണ്ടെത്തുകയും ചെയ്തിരുന്നു. സോണാർ പരിശോധനയിൽ നാവികസേന ലോഹസാന്നിധ്യം കണ്ടെത്തിയ സ്ഥലത്തായിരുന്നു ഇന്നത്തെ തിരച്ചിൽ. ഡ്രജറിൽ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനൊപ്പമാണ് ഈശ്വർ മൽപെയും പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നത്. 

ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഫലം കാണുമെന്നാണ് ഷിരൂരിൽ എത്തിയ അർജുന്റെ സഹോദരി അഞ്ജുവിന്റെ പ്രതീക്ഷ. ഡ്രജിങ് അവസാനത്തെ ശ്രമമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും പ്രതികരണം. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് തീരുമാനം. ആവശ്യമെങ്കിൽ വരും ദിവസങ്ങളിലും തിരച്ചിൽ തുടരും. അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ENGLISH SUMMARY:

It has been confirmed that the tire of the vehicle found in Shirur does not belong to Arjun's lorry. It was confirmed that the vehicle part found belonged to the tanker lorry that had gone missing earlier. While the search for Arjun continues.