കള്ളക്കടത്ത് സംഘത്തില്‍നിന്ന് പി.ശശി പങ്കു പറ്റുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പി.വി.അന്‍വര്‍. പി.ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നത് മുഖ്യമന്ത്രിയുടെ വിശ്വാസമാണ് എനിക്ക് ആ വിശ്വാസമില്ല. പി.ശശിയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പറയുന്നില്ല. ഞാന്‍ ശശിയോട് പറഞ്ഞതെല്ലാം നാടിനുവേണ്ട കാര്യങ്ങള്‍; എന്‍റെ വീട്ടുകാര്യമല്ലെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ചിലര്‍ മുഖ്യമന്ത്രിെയ തെറ്റിദ്ധരിപ്പിച്ചെന്ന് പറഞ്ഞ അന്‍വര്‍. ഉന്നയിച്ചത് പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കെതിരെയാണെന്നും സത്യങ്ങള്‍ മുഴുവന്‍ മറച്ചുവച്ച് പൊലീസിന്‍റെ മനോവീര്യം തകര്‍ക്കലാണെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും കൂട്ടിച്ചേര്‍ത്തു. ആ തെറ്റിദ്ധാരണ മാറുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകൾക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനത്തെ കുറിച്ച് പരാമര്‍ശിച്ച അന്‍വര്‍, മുഖ്യമന്ത്രി പറഞ്ഞത് എം.ആര്‍.അജിത് കുമാര്‍ പറഞ്ഞുകൊടുത്തതാണെന്നും ചില സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റില്‍ ചാടിക്കുന്നു. ഈ നേതാക്കളുടെ ഉദ്ദേശ്യമെന്താണെന്ന് സംശയിക്കണം. തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ മാത്രം ദുര്‍ബലനാണോ മുഖ്യമന്ത്രി എന്നെനിക്ക് അറിയില്ലെന്നും പറഞ്ഞു.

എസ്.പിയുടെ ഫോണ്‍ കോള്‍ ചോര്‍ത്തിയത് തെറ്റെന്ന് സമ്മതിച്ചിരുന്നുവെന്നും ഫോണ്‍ കോള്‍ പുറത്തു വിട്ടത് സമൂഹത്തിന്‍റെ നൻമയ്ക്ക് വേണ്ടിയാണെന്നും അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു. സുജിത് ദാസിന്‍റെ ഫോണ്‍ കോള്‍ പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. താന്‍ പറഞ്ഞത് ശരിയെന്ന് ബോധ്യപ്പെടുത്താനുള്ള ഏക തെളിവാണ് ഫോണ്‍ സംഭാഷണം. തെളിവുണ്ടായിട്ടുപോലും ഇപ്പോള്‍ പലതും മാറി മറിഞ്ഞുവരുന്നു. 

സ്വര്‍ണക്കടത്ത് പ്രതികളെ മഹത്വവല്‍ക്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതും തെറ്റിദ്ധാരണമൂലമാണ്. പൊലീസ് കൊടുത്ത റിപ്പോര്‍ട്ട് വിശ്വസിച്ചാണ് പാവം മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. മുഴുവൻ സ്വർണ്ണക്കടത്തു കേസിലേയും പ്രതികളുടെ മൊഴികൾ കൂടിയെടുത്ത് പുനരന്വേഷണം നടത്തണം. സ്വർണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നുകൂടി പഠിക്കണം. ഒന്നുമില്ലെങ്കിൽ സി എം കൊണ്ടോട്ടിയിലെ തട്ടാന്‍റെ വിവരങ്ങൾ പരിശോധിക്കണം. അവിടെ വച്ചാണ് സുജിത് ദാസും കൂട്ടരും സ്വര്‍ണം ഉരുക്കിയിരുന്നത്. ഞാൻ തെളിവ് കൊടുക്കാൻ തയ്യാറായങ്കിലും എഡിജിപിയെ മാറ്റാത്തതുകൊണ്ട് മൊഴി നൽകാൻ കാരിയേഴ്സ് തയ്യാറാകുന്നില്ലെന്നും അന്‍വര്‍.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പല തവണ എകെജി സെന്‍ററില്‍ കത്ത് കൊടുത്തെന്നും പിവി അന്‍വര്‍. എന്നിട്ടും നടപടിയില്ലാതെ ആയപ്പോഴാണ് പൊതുസമൂഹത്തെ അറിയിച്ചത്. എന്നെ വേണ്ടെന്ന് പറയുന്നതുവരെ മുന്നണിക്കകത്തുനിന്ന് പോരാടുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:

PV Anwar wants to investigate whether P. Sasi is part of the smuggling gang. He also said that everything the Chief Minister said was told by Mr. Ajith Kumar.