TOPICS COVERED

ശൈത്യകാലത്തെ അന്തരീക്ഷമലിനീകരണം പേടിച്ച് ഡല്‍ഹി. ഏതാനും വര്‍ഷങ്ങളായി ശൈത്യകാലമെത്തുമ്പോള്‍ ഗ്യാസ് ചേംബറിന് തുല്യമാണ് തലസ്ഥാനം. വ്യാവസായിക മലിനീകരണവും വിളവെടുപ്പുകഴിഞ്ഞ് പാടങ്ങളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോഴുള്ള പുകയും ദീപാവലി ദിവസങ്ങളിലെ പടക്കം പൊട്ടിക്കലും കഴിയുമ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ഓടി രക്ഷപെടേണ്ട അവസ്ഥയാകും. ശുദ്ധവായുവിനായി ജനം നെട്ടോട്ടമോടുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇക്കുറി നേരത്തേ തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

കൃത്രിമ മഴ

അന്തരീക്ഷമലിനീകരണം നിയന്ത്രണാതീതമായാല്‍ കൃത്രിമ മഴ പെയ്യിക്കാനടക്കം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമാകാനിടയുള്ള നവംബര്‍ ഒന്നിനും പതിനഞ്ചിനും ഇടയിലായിരിക്കും കൃത്രിമ മഴ പെയ്യിക്കുക. ഇതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി തേടിയിട്ടുണ്ട്. 

വിമാനങ്ങളോ ഹെലികോപ്റ്ററോ ഉപയോഗിച്ച് അന്തരീക്ഷത്തില്‍ നിശ്ചിത മേഖലകളില്‍ രാസവസ്തുക്കള്‍ നിയന്ത്രിതമായി വിതറി മേഘങ്ങള്‍ രൂപപ്പെടുത്തിയാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. സില്‍വര്‍ അയൊഡൈഡ്, പൊട്ടാസിയം അയൊഡൈഡ്, ഡ്രൈ ഐസ്, ഉപ്പ് അല്ലെങ്കില്‍ ലിക്വിഡ് പ്രൊപ്പൈന്‍ തുടങ്ങിയവ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ബാഷ്പ കണങ്ങളെ ആകര്‍ഷിച്ചാണ് മേഘങ്ങള്‍ രൂപപ്പെടുത്തുന്നത്. ഇങ്ങനെ മഴ പെയ്യിക്കുന്നതിന് ഒരു ചതുരശ്ര കിലോമീറ്ററിന് നേരത്തേ ഒരുലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഐഐടി കാണ്‍പൂരിന്‍റെ സഹായവും പദ്ധതിക്കുണ്ട്.

ശൈത്യകാലത്തെ അന്തരീക്ഷ മലിനീകരണം നേരിടാന്‍ 21 ഇന പരിപാടിക്കും ഡല്‍ഹി സര്‍ക്കാര്‍ രൂപം നല്‍കി. വാഹനനിയന്ത്രണം, അന്തരീക്ഷത്തിലെ പൊടിയുടെ അളവ് നിരീക്ഷിക്കല്‍ എന്നിവ ഉള്‍പ്പെടെ ഇതില്‍പ്പെടും. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഡല്‍ഹിയില്‍ നാലുകോടി മരങ്ങള്‍ നട്ടുപിടിപ്പിച്ചുവെന്ന് സംസ്ഥാനസര്‍ക്കാര്‍ അളകാശപ്പെട്ടു. രണ്ടായിരം ബസുകള്‍ ഇലക്ട്രിക്കാക്കി. 2016നും 2023നും ഇടയില്‍ വായുമലനീകരണതോത് 34 ശതമാനം കുറഞ്ഞെന്നാണ് സര്‍ക്കാര്‍ വാദം.

മലിനീകരണം തടയാന്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഹരിത രത്ന അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്ര പഞ്ചാബ്, ഹരിയാന, യുപി ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതും ഡല്‍ഹിക്ക് ആശ്വാസമാണ്.