ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ ഒഡിഷയിൽ ജീവനൊടുക്കി. നേപ്പാളിൽ വേരുകളുള്ള മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ ശരീര ഭാഗങ്ങളാണ് ബെംഗളൂരു വയ്യാലിക്കാവിലെ അപ്പാർട്മെന്റിലെ ഫ്രിജിൽ നിന്ന് ശനിയാഴ്ച കണ്ടെത്തിയത്. സഹപ്രവർത്തകനായ മുക്തി രഞ്ജനെയാണ് ഒഡിഷയിലെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൊബൈൽ ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒളിയിടത്തിലെത്തിയ പൊലീസ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണ് മഹാലക്ഷ്മി താമസിച്ചിരുന്നത്. മുക്തി രഞ്ജനും മഹാലക്ഷ്മിയും തമ്മിൽ അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
26കാരിയായ മഹാലക്ഷ്മിയുടെ കൊലപാതകം ആ നാടിനാകെ വലിയ ഞെട്ടലാണുണ്ടാക്കിയത്. രണ്ടാഴ്ച മുന്‍പെങ്കിലുമായിരിക്കും മുക്തി രഞ്ജന്‍ ക്രൂരകൃത്യം നടപ്പാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. മഹാലക്ഷ്മിയുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ക്കാരാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മഹാലക്ഷ്മിയുടെ അമ്മയും സഹോദരിയും വീട്ടിലെത്തി പരിശോധന നടത്തിയത്. സമീപത്തെ മാളിലെ ജീവനക്കാരിയായിരുന്നു മഹാലക്ഷ്മി. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കൊലയ്ക്കു പിന്നില്‍ യുവതിയുടെ സുഹൃത്തായ ഉത്തരാഖണ്ഡ് സ്വദേശിയാണെന്ന് ഭര്‍ത്താവ് ഹേമന്ദ് ദാസ് ആരോപിച്ചിരുന്നു.
സെപ്റ്റംബര്‍ ഒന്നുമുതല്‍ തന്നെ മഹാലക്ഷ്മിയും മുക്തിരഞ്ജനും ജോലിക്കെത്തിയിരുന്നില്ല. മഹാലക്ഷ്മിക്കൊപ്പം തന്നെയാണ് മുക്തിയും ജോലി ചെയ്തിരുന്നത്. സെപ്റ്റംബര്‍ രണ്ടിനോ മൂന്നിനോ ആവാം കൊല നടന്നതെന്നാണ് പൊലീസ് നിഗമനം. പ്രതിയെ കണ്ടെത്തിയെന്ന പൊലീസിന്റെ അവകാശവാദത്തിനു പിന്നാലെയാണ് മുക്തി രഞ്ജന്‍ ജീവനൊടുക്കിയത്.