10 വര്‍ഷത്തിന് ശേഷം ഹരിയാന കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത് അടക്കമുള്ള സർവേകള്‍ 55 മുതൽ 62 സീറ്റുകൾ വരെ കോൺഗ്രസിന് പ്രവചിക്കുന്നു. ഹരിയാനയില്‍ മുന്‍ വിലയിരുത്തലുകള്‍ ശരിവയ്ക്കുന്ന ഫലം തന്നെയാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.
കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ബി.ജെ.പി തകര്‍ന്നടിയുമെന്നും വിശകലനങ്ങള്‍ പറയുന്നു. ഇന്ത്യ ടുഡെ– സി വോട്ടര്‍ സര്‍വെ പ്രകാരം കോണ്‍ഗ്രസ് 50 മുതല്‍ 58 വരെ സീറ്റുകള്‍ നേടുമ്പോള്‍ ബി.ജെ.പി 20– 28 വരെ സീറ്റുകളില്‍ ഒതുങ്ങും. പീപ്പിള്‍സ് പള്‍സ്, കോണ്‍ഗ്രസിന് 49 മുതല്‍ 61 സീറ്റുകള്‍ വരെയും ബി.ജെ.പിക്ക് 20 മുതല്‍ 32 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.
ദൈനിക് ഭാസ്കറിന്റെ എക്സിറ്റ് പോള്‍ പ്രകാരം കോൺഗ്രസ് 54 സീറ്റ് വരെ നേടാം. ധ്രുവ് റിസേര്‍ച്ച് 64 സീറ്റുകള്‍ വരെയാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബിജെപിക്ക് 29ഉം. ഐ.എന്‍.എല്‍.ഡി നില മെച്ചപ്പെടുത്തുമ്പോള്‍ ജെ.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാകില്ലെന്നാണ് സര്‍വെകളിലെ വിലയിരുത്തല്‍. എ.എ.പി അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും കുറവാണ്.