marati-politics

TOPICS COVERED

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മറാഠി ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയതിലെ രാഷ്ട്രീയം തുറന്നുകാട്ടി പ്രതിപക്ഷം. ഒക്ടോബര്‍ മൂന്ന് മറാഠി ശ്രേഷ്ടഭാഷാദിനം ആയി ആചരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസിന്‍റെ മറുപടി.

 

ശ്രേഷ്‌ഠ ഭാഷാ പദവി മറാഠാ മണ്ണില്‍ ആരെ ശ്രേഷ്‌ഠരാക്കുമെന്നാണ് ചോദ്യം. പൃഥ്വിരാജ് ചവാന്‍ മുഖ്യമന്ത്രിയായിരുന്ന 2012 കാലഘട്ടത്തിലാണ് ഈ പദവി നേടിയെടുക്കാന്‍ ഭാഷാ വിദഗ്ദരുടെ സമിതി ആദ്യമായി രൂപീകരിച്ചത്. ആ നീക്കങ്ങളാണ് ഫലംകണ്ടതെന്ന വാദമാണ് കോണ്‍ഗ്രസിന്. പദവി ഇത്രയും വൈകിപ്പിച്ച് ഒടുവില്‍ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ നടത്തിയ ഈ നീക്കം രാഷ്ട്രീയമല്ലാതെ മറ്റെന്താണെന്ന് ജയ്‌റാം രമേശ് ചോദിക്കുന്നു.

Also Read: പ്രതിപക്ഷ നേതാവ് പദത്തില്‍ രാഹുൽഗാന്ധിയുടെ 100 ദിനങ്ങള്‍; രാഷ്ട്രീയത്തിനതീതമായ പ്രതിബദ്ധതയെന്ന് കോണ്‍ഗ്രസ്

 35 വര്‍ഷത്തെ പരിശ്രമമാണെന്നും ആരും ക്രഡിറ്റ് അടിക്കാന്‍ വരേണ്ടെന്നും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും വ്യക്തമാക്കി. എന്നാല്‍ ഒരു പടി കൂടി കടന്ന് ഇതിന്‍റെ ഗുണഫലം കൊയ്യാന്‍ തന്നെയാണ് ബിജെപിയുടെ പരിശ്രമം. പദവി പ്രഖ്യാപിച്ച ഒക്ടോബര്‍ മൂന്ന് മറാഠി ശ്രേഷ്ഠഭാഷാദിനമായി സംസ്ഥാനത്ത് ആചരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. 

തിരഞ്ഞെടുപ്പില്‍ മറാഠി ഭാഷാ വികാരം എത്രകണ്ട് പ്രതിഫലിക്കുമെന്ന് പറയാനാകില്ലെങ്കിലും ബിജെപി നയിക്കുന്ന മഹായുതിയുടെ വോട്ട് പെട്ടിയിലേക്ക് അത്ര മേശമല്ലാത്ത  ഒരു ആയുധം കൂടി കിട്ടുന്നു എന്ന് പറയാം.

ENGLISH SUMMARY:

The opposition has criticized the political motives behind granting Marathi the status of a "Classical Language" just before the Maharashtra elections. In response, Deputy Chief Minister Devendra Fadnavis announced that October 3 will be celebrated as Marathi Classical Language Day, emphasizing the significance of the decision.