A woman seen being evacuated from a huge rush at the Mega Air Show ahead of the 92nd Indian Air Force Day, at Marina Beach in Chennai on Sunday. (ANI Photo)

TOPICS COVERED

ചെന്നൈ മറീനാ ബീച്ചിൽ ഇന്ത്യൻ വ്യോമസേനയുടെ എയര്‍ ഷോയ്ക്ക് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് മരണം. തളര്‍ന്നുവീണ ഇരുന്നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുങ്ങലത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവൊട്ടിയൂർ സ്വദേശി കാർത്തികേയൻ (34), കോരുകുപ്പേട്ട സ്വദേശി ജോൺ (56) എന്നിവരാണ് മരിച്ചത്. 92-ാമത് വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രകടനങ്ങൾ സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ടായിരുന്നു വ്യോമസേനയുടെ എയർ ഷോ.

16 ലക്ഷത്തോളം ആളുകളാണ് എയര്‍ഷോ കാണാനെത്തിയതെന്നാണ് അനുമാനം. രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ എയര്‍ഷോ തുടര്‍ന്നു. എന്നാല്‍ 11 മണിക്ക് ആരംഭിക്കുന്ന എയര്‍ഷോ കാണാനായി രാവിലെ എട്ടുമണിമുതല്‍ ആളുകള്‍ ബീച്ചിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധിപേര്‍ ബീച്ചിലെ ചൂടും ക്ഷീണവും കാരണം ബോധരഹിതരായി. ഇതിനിടെ സമീപത്തെ വെള്ളക്കച്ചവടക്കാരെ നീക്കം ചെയ്തും വിനയായി. പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയവര്‍ക്ക് കുടിവെള്ളംപോലും ലഭിക്കാത്ത അവസ്ഥയായിരുന്നെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷോ അവസാനിച്ചപ്പോൾ ജനക്കൂട്ടം ഒരേസമയം പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചു. ഇതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. മെട്രോ സ്റ്റേഷനുകളും നിമിഷങ്ങള്‍ക്കകം നിറഞ്ഞു. തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ ചെന്നൈയിൽ കുടുങ്ങുകയായിരുന്നു. മറീന ബീച്ചിൽ തടിച്ചുകൂടിയ ജനക്കൂട്ടം പരിപാടിക്ക് ശേഷം പിരിഞ്ഞുപോകാൻ പാടുപെടുകയായിരുന്നു. ആളുകള്‍ തളര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ ബീച്ചിനടുത്തുള്ള താമസക്കാർ രക്ഷാപ്രവർത്തനത്തിനെത്തുകയായിരുന്നു. ഇവരാണ് ആവശ്യക്കാര്‍ക്ക് കുടിവെള്ളം എത്തിച്ചത്. 

ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം മോശം ഏകോപനവും കൃത്യമായ ആസൂത്രണമില്ലായ്മയുമാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശനം. എയർ ഷോയിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ആളുകൾക്ക് മതിയായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നാരോപിച്ച് ജനം പ്രതിഷേധിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ENGLISH SUMMARY:

Three people have died in the chaos and stampede following the Indian Air Force air show at Marina Beach in Chennai. Over two hundred others have been hospitalized due to injuries. The performances were part of the 92nd Air Force Day celebrations, aimed at setting a record in the Limca Book of World Records.