ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിൻ്റെ തത്സമയ സംപ്രേക്ഷണം എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അനുഭാവികൾ കാണുന്നു. (ANI ഫോട്ടോ/ഇഷാന്ത്)

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ്. ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് ജില്ലകളിൽ ഇവിഎമ്മിൽ ക്രമക്കേടുണ്ടായി എന്നാണ് ആരോപണം. 99 ശതമാനം ബാറ്ററി കാണിച്ച വോട്ടിങ് മെഷീനുകളില്‍ ബിജെപി വിജയിച്ചു. 70 ശതമാനം വരെ ബാറ്ററി കാണിച്ചവയില്‍ കോണ്‍ഗ്രസ് വിജയിച്ചു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഹരിയാനയിലെ നേതാക്കൾ ഉന്നയിച്ചിട്ടുള്ള ഗൗരവതരമായ  പരാതികൾ ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണനെ സമീപിക്കാനാണ് എ.ഐ.സി.സി തീരുമാനം. ഹരിയാനയിൽ ഇന്ന്  കണ്ടത് കൃത്രിമത്വത്തിന്റെയും ജനതാൽപര്യം അട്ടിമറിച്ചതിന്റെയും ആഘോഷമാണ് എന്നും ഫലം അംഗീകരിക്കാനായില്ല എന്നും കോൺഗ്രസ് വക്താക്കളായ ജയറാം രമേശും പവൻ ഖേരയും ആരോപിച്ചു.

ആദ്യമണിക്കൂറില്‍ 60 സീറ്റിലേറെ ലീഡ് നേടിയ കോണ്‍ഗ്രസ്, സംസ്ഥാനം തൂത്തുവാരുമെന്നായിരുന്നു വിലയിരുത്തല്‍. എ.ഐ.സി.സി. ആസ്ഥാനത്ത് ആഘോഷവും തുടങ്ങി. എന്നാല്‍ പിന്നീട് കണ്ടത് ബി.ജെ.പിയുടെ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു.  ബി.ജെ.പി ലീഡ് ഇരുപതില്‍നിന്ന് മുപ്പതിലേക്കും നാല്‍പതിലേക്കും എത്തിയതോടെ കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക നിറഞ്ഞു. പിന്നാലെ ആഘോഷങ്ങള്‍ നിര്‍ത്തിവച്ചു. അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല ഹരിയാനയിലെ പാര്‍ട്ടി നേതൃത്വം. 

അതുവരെ നിശബ്ദമായിരുന്ന ബി.ജെ.പി കേന്ദ്രങ്ങള്‍ ആവേശത്തിലായി. വക്താക്കള്‍ ഓരോരുത്തരായി പ്രതികരണവുമായി എത്തിത്തുടങ്ങി. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഉറപ്പായതോടെ ഡല്‍ഹിയിലെയും റോഹ്തക്കിലെയും കോണ്‍ഗ്രസ് ഓഫിസുകള്‍ മൂകമായി. ഇതിനിടെ വെബ്സൈറ്റില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. 

ENGLISH SUMMARY:

Congress general secretary Jairam Ramesh said the Haryana result is a victory of manipulations