athishi-homeless

TOPICS COVERED

ഔദ്യോഗിക വസതി ലഭിച്ചില്ലെങ്കില്‍ റോഡിലിരുന്ന് ജോലി ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. വീട്ടുസാധനങ്ങളടങ്ങിയ പെട്ടികള്‍ക്ക് നടുവിലിരിക്കുന്ന അതിഷിയുടെ ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‍രിവാള്‍ താമസിച്ചിരുന്ന വസതി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം സീല്‍ ചെയ്തിരുന്നു. പുതിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വസതി നല്‍കാതിരിക്കാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറും കേന്ദ്രസര്‍ക്കാരും നടത്തിയ നീക്കമാണ് ഇതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

 

മുഖ്യമന്ത്രിയായിരിക്കെ 2015 മുതല്‍ സിവില്‍ ലൈന്‍സിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള ആറാംനമ്പര്‍ വീടായിരുന്നു അരവിന്ദ് കേജ്‍രിവാളിന്‍റെ ഔദ്യോഗിക വസതി. ഈ വസതിയില്‍ താമസമാക്കാനാണ് പുതിയ മുഖ്യമന്ത്രി അതിഷി വീട്ടുസാധനങ്ങള്‍ മാറ്റിയത്. അതിഷി താമസം തുടങ്ങുമെന്ന് ഉറപ്പായതോടെ ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് ഇവിടെയുണ്ടായിരുന്ന വീട്ടുസാധനങ്ങള്‍ മാറ്റി വീട് സീല്‍ ചെയ്തു.

Also Read; രത്തൻ ടാറ്റയ്ക്ക് രാജ്യം വിട നല്‍കി; സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വസതിയില്‍ ഔദ്യോഗിക ഉത്തരവാകുന്നതിന് മുന്‍പേ താമസിക്കാന്‍ നടത്തിയ നീക്കത്തിന് തടയിട്ടു എന്ന് പി.ഡബ്ല്യൂ.ഡി പറയുമ്പോള്‍, രാഷ്ട്രീയ ഗൂഢാലോചനയാണ് എഎപി ആരോപിക്കുന്നത്. ബംഗ്ലാവുകളില്‍ ജീവിക്കാനല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്നും വേണ്ടി വന്നാല്‍ റോഡിലിരുന്നും ഡല്‍ഹി ഭരിക്കുമെന്ന് അതിഷി. 

''വലിയ വീടുകളില്‍ ഞങ്ങള്‍ക്ക് താമസിക്കേണ്ട, അതിനല്ല ഞങ്ങള്‍ വന്നത്. ഞങ്ങള്‍ക്ക് നിരത്തുകളും തെരുവുകളും തന്നെ ധാരാളം...''

കല്‍ക്കാജിയിലെ സ്വന്തം വസതിയില്‍, പായ്ക്ക് ചെയ്ത വീട്ടുസാധനങ്ങള്‍ക്ക് നടുവിലിരുന്ന് അതിഷി ഫയലുകള്‍ നോക്കുന്ന ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതിയില്ല. പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന വീട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കണമെന്നാണ് രീതി.

Also Read; സ്വത്തിന് വേണ്ടി ദ്രോഹിക്കുന്നു; ദമ്പതികള്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

കേജ്‍രിവാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 50 കോടിയോളം രൂപ ചെലവിട്ട് പുനര്‍നിര്‍മിച്ച വീടാണ് സിവില്‍ ലൈന്‍സിലേത്. പുനര്‍നിര്‍മാണത്തില്‍ ബിജെപി അഴിമതിയാരോപിച്ചതോടെ വിജിലന്‍സ് അന്വേഷണവും നടത്തുന്നുണ്ട്. 

ENGLISH SUMMARY:

Delhi Chief Minister Atishi has stated that if an official residence is not provided, she would work from the streets. The Aam Aadmi Party (AAP) released images showing Atishi sitting among boxes filled with household items, highlighting her determination to continue her duties under any circumstanc.