nikhith-shetty

TOPICS COVERED

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന്‍റെ ജോലി തെറിച്ചു. ബെംഗളൂരുവിലാണ് സംഭവം നടന്നത്. എറ്റിയോസ് സര്‍വീസസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിക്കാണ് ഭീഷണിക്ക് പിന്നാലെ ജോലി നഷ്​ടമായത്. യുവതിയുടെ വസ്​ത്രധാരണത്തെ പറ്റി പറഞ്ഞ് ഭര്‍ത്താവിനാണ് ഇയാള്‍ മെസേജ് അയച്ചത്. 

'ഭാര്യയോട് മര്യാദയ്ക്ക് വസ്​ത്രം ധരിക്കാന്‍ പറയണം, പ്രത്യേകിച്ചും കര്‍ണാടകയില്‍, ഇല്ലെങ്കില്‍ അവളുടെ മുഖത്ത് ഞാന്‍ ആസിഡ് ഒഴിക്കും' എന്നാണ് യുവതിയുടെ ഭര്‍ത്താവായ ഷഹബാസ് അന്‍സാറിന് ഇയാള്‍ മെസേജ് അയച്ചത്. പിന്നാലെ മെസേജിന്‍റെ സ്​ക്രീന്‍ ഷോട്ട് ഷഹബാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

'എന്‍റെ ഭാര്യയുടെ വസ്​ത്ര സ്വാതന്ത്ര്യത്തെ ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. അങ്ങനെയൊന്ന് സംഭവിക്കുന്നതിന് മുമ്പ് ഇയാള്‍ക്കെതിരെ നടപടി എടുക്കണം,' കര്‍ണാടക ഡിജിപിയേയും മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും മെന്‍‍ഷന്‍ ചെയ്​തുകൊണ്ടുള്ള പോസ്​റ്റില്‍ ഷെഹബാസ് പറഞ്ഞു. 

പിന്നാലെ യുവാവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. 'ഞങ്ങളുടെ ജീവനക്കാരനായ നികിത് ഷെട്ടി മറ്റൊരു വ്യക്തിയുടെ വസ്​ത്ര സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തെ പറ്റി സംസാരിക്കേണ്ടിവരുന്നതില്‍ ദുഖമുണ്ട്. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല, ഇത് എറ്റിയോസ് സര്‍വീസസിന്‍റെ മൂല്യങ്ങള്‍ക്ക് എതിരാണ്,' പുറത്ത് വിട്ട പ്രസ്​താവനയില്‍ കമ്പനി പറഞ്ഞു.  

ENGLISH SUMMARY:

The job of the man who threatened to pour acid on the young woman's face was lost