saibaba-passes-away

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് യുഎപിഎ കേസിൽ 10വർഷം തടവിൽ  കഴിഞ്ഞ ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ട ഡൽഹി സർവകലാശാല  മുൻ പ്രഫസർ ജി.എൻ. സായിബാബ (65)അന്തരിച്ചു. പിത്താശയ രോഗവുമായി ബന്ധപ്പെട്ട്  ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടാണ് അന്ത്യം. രാവിലെ 10മണി മുതല്‍ ജവഹര്‍ നഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് മൃതദേഹം വൈദ്യപഠനത്തിനായി ആശുപത്രിക്ക് കൈമാറും.

ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാംലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ആയിരുന്നു സായിബാബ. 90% ശാരീരിക വൈകല്യമുള്ള, വീൽചെയറിൽ കഴിയുന്ന ആളായിരുന്നങ്കിലും ഇന്ത്യയിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുഖമായിരുന്നു അദ്ദേഹം. മുംബൈ റെസിസ്റ്റൻസ്, ഇന്റർനാഷണൽ ലീഗ് ഓഫ് പീപ്പിൾസ് റസിസ്റ്റൻസ്,  ആന്ധ്രപ്രദേശിലെ റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയ പൗരാവകാശ സംഘടനകളുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി. 

2012 ൽ ആന്ധ്രാ സർക്കാർ നിരോധിച്ച റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടെന്ന സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് 2014 ല്‍ മഹാരാഷ്ട്ര പൊലീസ് സായിബാബയെ പിടികൂടുന്നത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചു അടുത്തവർഷം സുപ്രീം കോടതി ജാമ്യം നൽകിയെങ്കിലും 2017ൽ ഗഡ്ചിറോളി ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിരോധിക്കപ്പെട്ട റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിനു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന്   ചൂണ്ടിക്കാണിച്ചായിരുന്നു വിചാരണ കോടതിയുടെ നടപടി.

യുഎപിഎ നിയമത്തിലെ കടുത്ത വകുപ്പുകൾ  ചുമത്തപ്പെട്ടതിനാൽ  തുടക്കത്തിൽ  ചികില്‍സയ്ക്ക് പോലും ജാമ്യം ലഭിച്ചില്ല. 2022 ഒക്ടോബറിൽ മുംബൈ  ഹൈക്കോടതിയുടെ നാഗപൂർ  ബെഞ്ച് തെളിവില്ലെന്ന്  കണ്ടെത്തി  വെറുതെ വിട്ടു. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ അന്ന് രാത്രി തന്നെ അസാധാരണ നീക്കത്തിലൂടെ പരിഗണിച്ച സുപ്രീം കോടതി വിധി സ്റ്റേ ചെയ്തു വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകി. തുടർന്ന് വീണ്ടും വിശദമായ വാദം കേട്ട ഹൈക്കോടതി നാഗപൂർ ബെഞ്ച് 2024മാർച്ച് 4 മുൻ വിധി ആവർത്തിച്ചു. തുടർന്നാണ് അദ്ദേഹത്തിന് പുറത്തിറങ്ങാനായത്.

ENGLISH SUMMARY:

Former Delhi University professor GN Saibaba passed away due to ill health on Saturday. He was previously accused by Maharashtra police of having links with the banned CPI Maoist but he was later acquitted by Bombay high court.