priyank-kanoog

മദ്രസ വിഷയത്തിൽ കേരളത്തിലെ പ്രതിഷേധങ്ങൾക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ. ഏകപക്ഷീയമായ അഭിപ്രായത്തിലൂടെ ഭൂരിപക്ഷ അജൻഡയുണ്ടാക്കാനാവില്ലെന്ന് അധ്യക്ഷൻ പ്രിയാങ്ക് കാനൂങ് വിമർശിച്ചു.  ബാലാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ മറ്റുവഴി തേടൂവെന്നും അധ്യക്ഷൻ എക്സിൽ കുറിച്ചു. ദേശീയ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധമെന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ വാർത്ത പങ്കുവച്ചായിരുന്നു പ്രതികരണം.

മദ്രസകള്‍ക്കുളള ധനസഹായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിര്‍ദേശം ഭരണഘടനാവിരുദ്ധമെന്ന് സി.പി.എം അഭിപ്രായപ്പെട്ടിരുന്നു. മതധ്രുവീകരണത്തിനാണ് ശ്രമമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. കേരളത്തില്‍ മദ്രസപഠനം ഉത്തരേന്ത്യയിലെപ്പോലെയല്ല, പൊതുവിദ്യാഭ്യാസവുമായി ചേര്‍ന്നതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കേരളത്തിലെ മദ്രസകളെക്കുറിച്ചല്ല ബാലാവകാശ കമ്മിഷന്‍ പറഞ്ഞതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. മറ്റിടങ്ങളില്‍ മദ്രസ വിദ്യാഭ്യാസം മാത്രമെന്ന നിലപാടുണ്ട്. അത് ഇല്ലാതാക്കാനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് കേരളത്തെ ബാധിക്കില്ലെന്നും ഉത്തരേന്ത്യയെ ലക്ഷ്യമിട്ടുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസ് പറഞ്ഞു. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ പൂട്ടിക്കാമെന്നത് മോഹം മാത്രമെന്നായിരുന്നു പി.വി. അന്‍വറിന്‍റെ പ്രതികരണം. മദ്രസകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബാലാവകാശ കമ്മീഷനല്ലെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. നൂര്‍ബിന റഷീദും രംഗത്തെത്തി

ഇതിനിടെ കേരളം മദ്രസകള്‍ക്ക് പണം നല്‍കുന്നില്ലെന്ന് പച്ചക്കള്ളം പറഞ്ഞതായി ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ രംഗത്തെത്തി. മദ്രസ അധ്യാപകരുടെ ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ പണം നല്‍കുന്നതായി പ്രിയാങ്ക് കാനൂംഗ് മനോരമ ന്യൂസിനോട് പറഞ്ഞു. കോടതിയില്‍ പോയാല്‍ അവിടെ കാണാമെന്നും ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് മദ്രസകളില്ല, ഉള്ള മദ്രസകള്‍ക്കാകട്ടെ സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് കേരളം പറഞ്ഞെന്നും ഇത് നുണയെന്നുമാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ പറഞ്ഞത്. സര്‍ക്കാര്‍ മദ്രസകള്‍ക്ക് പണം കൊടുക്കുന്നതിന് തെളിവുകളുണ്ട്. മദ്രസ അധ്യാപകരുടെ ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്നും ഇത് നികുതിപ്പണമാണെന്നും കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയാങ്ക് കാനൂംഗ് പറഞ്ഞു.

അതേസമയം, കമ്മിഷന്‍റെ റിപ്പോര്‍ട്ടിലെ 41, 42 പേജുകളില്‍ കേരളത്തെക്കുറിച്ച് പറയുന്നത് പത്ര മാധ്യമ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ്. ഖജനാവില്‍നിന്ന് മദ്രസ അധ്യാപകര്‍ക്ക് ശമ്പളമോ ആനുകൂല്യങ്ങളോ കൊടുക്കുന്നില്ലെന്ന് 2021 ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതടക്കം റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്. ഒരു അധ്യാപകന്‍ 50 രൂപ പ്രതിമാസം ക്ഷേമനിധിയിലേക്ക് ഇടുന്നു. ക്ഷേമനിധിയില്‍ 23,809 അധ്യാപകര്‍ അംഗങ്ങളായുണ്ട്. ഈ ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ പണം നല്‍കുന്നുവെന്നാണ് ബാലാവകാശ കമ്മിഷന്‍ പറയുന്നത്.

ENGLISH SUMMARY:

The National Commission for Protection of Child Rights (NCPCR) has criticized the protests in Kerala regarding the madrasa issue. Chairperson Priyank Kanoongo stated that a one-sided opinion cannot be used to push a majority agenda. Kanoongo's response came after an English daily shared news about widespread protests in Kerala against the commission's report.