തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷത്തെ പ്രമുഖ നേതാവും മുൻമന്ത്രിയുമായ ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടതില്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടോയെന്ന അന്വേഷണത്തില്‍ പൊലീസ്. സല്‍മാന്‍ഖാനുമായുള്ള അടുപ്പം സിദ്ദിഖിയുടെ ജീവനെടുത്തുവെന്ന സംശയമാണ് ശക്തിപ്പെടുന്നത്. മുംബൈ ക്രൈംബ്രാഞ്ച് ആറ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.
ബാന്ദ്ര ഈസ്റ്റില്‍ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. ദസറ ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെയാണ് വണ്ടിയില്‍ മൂന്നുപേര്‍ എത്തിയതും ബാബയ്ക്ക് നേരെ വെടിയുതിര്‍ത്തതും. അക്രമികള്‍ തുവാലകൊണ്ട് മുഖംമറച്ചിരുന്നു. 9.9 എം.എം പിസ്റ്റള്‍ ഉപയോഗിച്ച് മൂന്ന് റൗണ്ടാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. നെഞ്ചില്‍ വെടിയേറ്റയുടന്‍ ബാബ സിദ്ദിഖി നിലത്ത് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി.
കര്‍ണെയില്‍ സിങ്, ധരംരാജ് കശ്യപ് എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനായി അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ് അറിയിച്ചു. തങ്ങള്‍ ബിഷ്ണോയ് സംഘാംഗങ്ങളാണെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ഒരു മാസമായി ബാബയെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസില്‍ മൊഴി നല്‍കി. സംഭവസ്ഥലത്ത് നിന്ന് തിരകളും കൊലപാതകത്തിനുപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു.
എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവായിരുന്നു ബാബ സിദ്ദിഖി. ഇന്നലെ രാത്രി മകനും എംഎല്‍എയുമായ സീഷന്‍റെ ഓഫിസിന് സമീപത്ത് നിന്നും കാറിലേക്ക് കയറുന്നതിനിടെയാണ് ബാബ സിദ്ദിഖിക്ക് വെടിയേറ്റത്. വയറിലും നെഞ്ചിലും വെടിയേറ്റ ബാബയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാബ വെടിയേറ്റ് മരിച്ചത് മുംബൈയെ നടുക്കത്തിലാഴ്ത്തിയിട്ടുണ്ട്. മൃതദേഹം കൂപ്പര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.