മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുത്തു കഴിഞ്ഞു. എങ്ങനെയാണ് ഇത്രയും വലിയൊരു നേതാവിന്‍റെ കൊലപാതകം ഗുണ്ടാസംഘം ആസൂത്രണം ചെയ്തത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ വരുന്നത്. കൃത്യമായ ആസൂത്രണത്തോടെ ദിവസവും സമയവും സാഹചര്യവും നേരത്തേ തീരുമാനിച്ചാണ് സിദ്ദിഖിയുടെ കൊല നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ദസറ ഘോഷയാത്രയും പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും പുകയും സിദ്ദിഖിയുടെ കൊലയ്ക്ക് അനുകൂലമായ സാഹചര്യമാകുമെന്ന് ബിഷ്ണോയ് സംഘം മുന്‍കൂട്ടി കണക്കാക്കിയിരുന്നു. അതുപ്രകാരം കാര്യങ്ങള്‍ കൈകാര്യം ചെയ്തു. മുംബൈ ഈസ്റ്റ് ബാന്ദ്രയിലെ സിദ്ദിഖിയുടെ മകന്‍റെ ഓഫീസ് പരിസരമാണ് കൊലയ്ക്കായി സംഘം തിരഞ്ഞെടുത്തത്.
ശനിയാഴ്ച രാത്രി 9.30ഓടെ സീഷാന്‍ സിദ്ദിഖിയുടെ ഓഫീസില്‍ നിന്നും ഇറങ്ങിവന്ന ബാബായ്ക്ക് തന്‍റെ കാറിലേക്ക് കയറുന്നതിനിടെയായിരുന്നു വെടിയേറ്റത്. ദസറ ഘോഷയാത്രയുടെ ബഹളവും പാട്ടും പടക്കങ്ങളുടെ ശബ്ദവും പുകയും ബിഷ്ണോയ് സംഘത്തിന് അനുകൂല സാഹചര്യമൊരുക്കി. സിദ്ദിഖിയുടെ കാറിന് സമീപത്തായി ആരും ശ്രദ്ധിക്കപ്പെടാതെ നാലു ഗുണ്ടകള്‍ പതുങ്ങിനിന്നു. ചുറ്റും പാട്ടും ബഹളവും ശബ്ദകോലാഹലങ്ങളും. സിദ്ദിഖി മകന്‍റെ ഓഫീസില്‍ നിന്നും ഇറങ്ങി കാറില്‍ കയറുന്നതിനിടെ ചുറ്റും പുകമയമായിരുന്നു. ബിഷ്ണോയ് സംഘം തീര്‍ത്ത പുകമറ പടക്കത്തിന്‍റേതാകുമെന്നാണ് പലരും കരുതിയത്. ആ സമയത്തു തന്നെ സിദ്ദിഖിക്കു നേരെ കൊലയാളികള്‍ വെടിയുതിര്‍ത്തു.
വെടിയൊച്ച പടക്കത്തിന്‍റെയും ഘോഷയാത്രയുടെയും കോലാഹലത്തിനിടെ മാഞ്ഞുപോയി. നെഞ്ചിലും വയറിലുമായി നാലിടത്താണ് സിദ്ദിഖിക്ക് വെടിയേറ്റത്. ഒരു സഹായിക്കും സംഭവത്തില്‍ പരുക്കേറ്റിരുന്നു. പിന്നാലെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുത്തു. 25കോടി രൂപയുടെ കരാറിലായിരുന്നു സംഘം കൊലപാതകം നടത്തിയത്. നടന്‍ സല്‍മാന്‍ ഖാനെ സഹായിക്കുന്ന ആര്‍ക്കും ഇങ്ങനെയൊരു അന്ത്യം സംഭവിച്ചേക്കാമെന്ന ഭീഷണിയും ഇതോടൊപ്പം സംഘം നല്‍കി.
ബോളിവുഡ് താരങ്ങള്‍ക്ക് പാര്‍ട്ടി നല്‍കുന്നതതിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിലും മുന്‍പന്തിയിലുള്ള രാഷ്ട്രീയ നേതാവായിരുന്നു ബാബാ സിദ്ദിഖി. സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 3 പേര്‍ അറസ്റ്റിലായി. വെടിയുതിര്‍ത്ത മൂന്നുപേരും ആസൂത്രണം നടത്തിയ ഒരാളുമാണ് പിടിയിലായത് .