ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ ഹൈസ്പീഡ് ട്രെയിന്‍ വൈകാതെ യാഥാര്‍ഥ്യമാകും. 2026 അവസാനത്തോടെ അതിവേഗ ട്രെയിന്‍ യാഥാര്‍ഥ്യമാകുമെന്നും മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയിലാകും 'മെയ്ഡ് ഇന്‍ ഇന്ത്യ' ഹൈ സ്പീഡ് ട്രെയിന്‍ കുതിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഭാരത് എര്‍ത് മൂവേഴ്സ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയത്. രാജ്യത്തിന്‍റെ അതിവേഗക്കുതിപ്പിന് വന്‍ മുതല്‍ക്കൂട്ടാകും ട്രെയിനെന്നും റെയില്‍വേയുടെ മുഖം തന്നെ മാറുമെന്നുമാണ് പ്രതീക്ഷ. മുംബൈ– അഹമ്മദാബാദ് പാതയിലാകും ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങുക. കരാര്‍ ലഭിച്ച വിവരവും വിശദാംശങ്ങളും ബെമ്ലാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
പൂര്‍ണമായും ശീതീകരിച്ചതാവും ട്രെയിന്‍. ചെയര്‍ ചെയര്‍ കാറുകളായാകും സീറ്റുകളുടെ ക്രമീകരണം. കറങ്ങാനും പിന്നിലേക്ക് ചായ്ച്ച് വയ്ക്കാനും സൗകര്യമുള്ളതാകും ഇരിപ്പിടങ്ങള്‍. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി ട്രെയിനില്‍ സൗകര്യമുണ്ടാകുമെന്നും യാത്രക്കാര്‍ക്ക് വിനോദവും വിജ്ഞാനവും പകരാനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും ഊഷ്മളമായ യാത്ര ഉറപ്പാക്കുന്നതാകും ട്രെയിനെന്നും റെയില്‍വേ അവകാശപ്പെടുന്നു. ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നുമാണ് രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനും പുറത്തിറക്കാനുമുള്ള കരാര്‍ ബെമലി (BEML)ന് ലഭിച്ചത്. രണ്ട് ട്രെയിനുകള്‍ക്കാണ് നിലവില്‍ കരാര്‍ നല്‍കിയിരിക്കുന്നത്.
എട്ട് കോച്ചുകളാകും പുതിയ ട്രെയിനില്‍ ഉണ്ടാവുക. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോച്ചുകള്‍ നിര്‍മിക്കുന്നതിന് ഒരെണ്ണത്തിന് 27.86 കോടി രൂപയെന്ന നിരക്കില്‍ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. 866.87 കോടി രൂപയ്ക്കാണ് നിലവിലെ കരാര്‍ നല്‍കിയത്. രൂപകല്‍പ്പനയ്ക്കുള്ള ചെലവ്, വികസിപ്പിക്കുന്നതിനുള്ള ചെലവ് എന്നിങ്ങനെ എല്ലാ ചെലവുകളും ചേര്‍ത്താണ് ഈ തുക. ബെമലിന്‍റെ ബെംഗളൂരു റെയില്‍ കോച്ച് കോംപ്ലക്സിലാകും ട്രെയിന്‍സെറ്റുകള്‍ ഉണ്ടാക്കുക. 2026 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാറിലുള്ളത്.
ആദ്യ 10 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും ബെമ്ലാണ് നിര്‍മിക്കുന്നത്. ഇതിലെ ആദ്യ ട്രെയിന്‍ നിര്‍മാണം പൂര്‍ത്തിയാക്കി ചെന്നൈയിലെ കോച്ച് ഫാക്ടറിക്ക് കൈമാറുകയും വിപുലമായ പരിശോധനകള്‍ നടത്തുകയുമാണ്. പ്രീമിയം രാജധാനി എക്സിപ്രസിനെ അപേക്ഷിച്ച് കുറച്ച് കൂടി വിപുലമായ സൗകര്യങ്ങളാണ് പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ സുപ്രധാന റെയില്‍വേ റൂട്ടുകളിലെ തിരക്ക് കുറയുന്നതിനൊപ്പം അതിവേഗ യാത്ര സാധ്യമാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.