ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇന്ന് പാക്കിസ്ഥാനിലെത്തും. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി. സുരക്ഷാഭീഷണി കണക്കിലെടുത്ത് ഇസ്ലമാബാദില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തു.
ഇന്ന് വൈകിട്ട് ഇസ്ലമാബാദിലെത്തുന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പാക്കിസ്ഥാനില്‍ ചെലവഴിക്കുക 24 മണിക്കൂര്‍ മാത്രം. നാളെയാണ് ഷാങ്ങ്ഹായ് കോ ഓപ്പറേഷന്‍ ഉച്ചകോടിയുടെ ഭാഗമായ പ്രധാന സമ്മേളനം. ഇന്ന് വൈകിട്ട് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രാഷ്ട്രനേതാക്കള്‍ക്ക് വിരുന്നൊരുക്കുന്നുണ്ട്. ജയശങ്കര്‍ അതില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ വിദേശകാര്യ മന്ത്രിലായം വ്യക്തമാക്കിയതാണ്. ഇന്ത്യ അത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്ന് പാക്കിസ്ഥാനും അറിയിച്ചു. ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ തുടങ്ങിയവര്‍ യോഗത്തിനെത്തും. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പാക്കിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാല്‍ കനത്ത സുരക്ഷയാണ് ഇസ്ലമാബാദില്‍. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. സൈന്യത്തെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.