s-jaishankar

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ബ്രസീലില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പരോക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങളെയും പാക്കിസ്ഥാന്‍ അനുകൂല നിലപാടുകളെയുമാണ് ജയശങ്കര്‍ ലക്ഷ്യം വച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും ജയശങ്കര്‍ ഊന്നിപ്പറഞ്ഞു. 

ജി 20 ഉച്ചകോടിക്കിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളുമായും എസ്.ജയശങ്കര്‍ ചര്‍ച്ച നടത്തിയത്. വ്യക്തമായ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള സുസ്ഥിരവും സ്വതന്ത്രവുമായ വിദേശനയമാണ് ഇന്ത്യയുടെതെന്ന് ജയശങ്കര്‍ പറഞ്ഞു. 

ഏകപക്ഷീയമായി അധികാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരാണ് ഇന്ത്യ. മറ്റു രാജ്യങ്ങളുടെ കണ്ണാടിയിലൂടെയല്ല ബന്ധങ്ങളെ വിലയിരുത്തുന്നതെന്നും ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങളും പാക്കിസ്ഥാന്‍ അനുകൂല നിലപാടുമാണ് ജയശങ്കര്‍ ഉന്നമിട്ടത്. 

അതേസമയം ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യ– ചൈന ബന്ധത്തിന് നിര്‍ണായക സ്ഥാനമാണുള്ളതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ. പറഞ്ഞു,. ഭിന്നതകള്‍ പരിഹരിച്ച് ബന്ധം ശക്തിപ്പെടുത്താനുള്ള തുടര്‍ നീക്കങ്ങള്‍ ആരംഭിക്കണമെന്നും  മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. 

ലഡാക്കിലെ ഇന്ത്യ– ചൈന സൈനിക പിന്‍മാറ്റം അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സഹായിച്ചു. മറ്റ് അതിര്‍ത്തി മേഖലകളിലെ സംഘര്‍ഷം ലഖൂകരിക്കാന്‍ സെക്രട്ടറി തലത്തിലും പ്രത്യേക പ്രതിനിധികള്‍ വഴിയുമുള്ള ചര്‍ച്ച വൈകാതെ നടത്തും. കൈലാസ്– മാനസ സരോവര്‍ യാത്ര പുനരാരംഭിക്കുന്നതും ഇന്ത്യയും ചൈനയും നേരിട്ട് വിമാന സര്‍വീസുകള്‍ തുടങ്ങുന്നതും വിദേശകാര്യ മന്ത്രിമാര്‍തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ENGLISH SUMMARY:

Foreign Minister A Jaishankar issues indirect criticism and warning to China.