തുടര്‍ച്ചയായി വിമാനങ്ങള്‍ക്കുണ്ടാകുന്ന ബോംബ് ഭീഷണി ഇന്ത്യന്‍ ഏവിയേഷന്‍ മേഖലയുടെ നടുവൊടിക്കുന്നു. അഞ്ചുദിവസത്തിനിടെ ഇരുന്നൂറ് കോടിയിലേറെ രൂപയുടെ നഷ്ടമാണ് വിമാനക്കമ്പനികള്‍ക്കുണ്ടായത്. സാമ്പത്തിക ഭീകരവാദമാണ് നടക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ എഴുപതോളം വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണിയുണ്ടായത്. ഒരു വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുമ്പോള്‍ ശരാശരി മൂന്നുകോടി രൂപയാണ് നഷ്ടം. ഭാരം കുറയ്ക്കാന്‍ ഇന്ധനം പുറത്തേക്കൊഴുക്കണം, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും താല്‍ക്കാലിക താമസ സൗകര്യവും ഭക്ഷണവും ഒരുക്കണം, അധിക ജീവനക്കാരുടെ സേവനവും തേടേണ്ടിവരും....വിദേശത്താണ് അടിയന്തര ലാന്‍ഡിങ് എങ്കില്‍ വിമാനത്താവള വാടകയും സുരക്ഷയും അടക്കം ചെലവ് 15 കോടിക്കും ഇരുപത് കോടിക്കും ഇടയിലാവും.
ഭീഷണി സന്ദേശത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് വിലയിരുത്തല്‍. വി.പി.എന്‍ ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത്. ഇതിന്‍റെ ഐ.പി. അഡ്രസുകള്‍ നല്‍കാന്‍ സമൂഹമാധ്യമങ്ങളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പല ഭീഷണികളും ലണ്ടനില്‍നിന്നും ജര്‍മനിയില്‍നിന്നുമാണ് വന്നതെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.