വിമാന സര്‍വീസുകള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന വ്യാജ ബോംബ് ഭീഷണികളില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക്. ഭീഷണി കോളുകള്‍ ചെയ്യുന്നത് ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി തടവും പിഴയും ഉറപ്പാക്കുമെന്ന് വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. വ്യാജകോളുകള്‍ ചെയ്യുന്നവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നതും ആലോചനയിലുണ്ട്. അതിനിടെ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട് വന്ത് പന്നു വീണ്ടും രംഗത്തുവന്നു.
ഒരാഴ്ചയ്ക്കിടെ നൂറിലേറെ രാജ്യാന്തര – ആഭ്യന്തര വിമാന സര്‍വീസുകളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്. വ്യാജമെന്ന് ഉറപ്പുണ്ടെങ്കിലും ഭീഷണി ലഭിച്ചാല്‍, ചട്ടപ്രകാരം വിമാനങ്ങള്‍ തൊട്ടടുത്ത വിമാന താവളത്തിലിറിക്കി പരിശോധിക്കേണ്ടതുണ്ട്. യാത്രക്കാര്‍ പരിഭ്രാന്ത്രരായതിന് പുറമെ വിമാനകമ്പനികള്‍ക്ക് കോടികളുടെ നഷ്ടവുമാണുണ്ടായത്. ഇതോടെയാണ് കര്‍ശന നടപടികള്‍ക്ക് തയാറെടുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1982ലെ വ്യോമയാന സുരക്ഷാനിയമത്തില്‍ ഭേദഗതി വരുത്തി വ്യാജകോളുകളെ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. വ്യോമയാത്ര സുരക്ഷാ പ്രോട്ടോക്കോള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുമായി കൂടിയാലോചനകള്‍ നടത്തിവരികയാണ്.
1984ലെ സിഖ് വിരുദ്ധ കലാപം നടന്ന നവംബര്‍ മാസത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങളെ ലക്ഷ്യമിടുമെന്ന് ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്‌വന്ത് സിങ് പന്നുവിന്‍റെ ഭീഷണി, തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണെത്തുന്നത്. അടുത്തമാസം ഒന്നുമുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്നും ആക്രമണമുണ്ടാകുമെന്നുമാണ് പുതിയ ഭീഷണി. സമൂഹമാധ്യമമായ എക്സ് വഴിയാണ് കൂടുതല്‍ ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.