കാമുകനുമായി വഴക്കുണ്ടായതിന് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് പെണ്‍കുട്ടി. ഞരമ്പ് മുറിഞ്ഞ് ചോരവാര്‍ന്നൊഴുകുന്ന ദൃശ്യം പെണ്‍കുട്ടി കാമുകന് അയച്ചുകൊടുത്തു. ഇതുകണ്ടയുടന്‍ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെവച്ച് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തു.
ഡല്‍ഹിയിലെ ജഗത്പുരിയിലാണ് സംഭവം. ഹൃദയാഘാതമാണ് യുവാവിന്‍റെ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാമുകിയുടെ കൈഞരമ്പ് മുറിഞ്ഞ് ചോരയൊലിക്കുന്ന കാഴ്ച കണ്ടാണ് അര്‍ജുന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ കുഴഞ്ഞുവീണത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കൂട്ടുകാരനെ വിളിച്ച് ‘അവളെ രക്ഷിക്കണം, ഇല്ലെങ്കില്‍ അവള്‍ മരിച്ചുപോകു’മെന്ന് അര്‍ജുന്‍ പറഞ്ഞു. അര്‍ജുന്‍റെ അവസാനത്തെ വാക്കുകളായിരുന്നു ഇത്.
സംഭവദിവസം അര്‍ജുനും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായി. അര്‍ജുന്‍റെ ബന്ധുവുമായി പെണ്‍കുട്ടി വഴക്കിട്ടതിന്‍റെ പേരിലായിരുന്നു ഇത്. അപമാനഭാരത്താലാണ് പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ചതെന്നാണ് വിവരം. രാത്രി പതിനൊന്നരയോടെയായിരുന്നു ആത്മഹത്യാശ്രമം. ഞരമ്പ് മുറിച്ചതുകണ്ടയുടന്‍ അര്‍ജുന്‍ പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചറിയിക്കുകയും വീട്ടിലേക്ക് എത്തുകയും ചെയ്തു. 2.45 ആയപ്പോഴെക്കും പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
അര്‍ജുനും കാമുകിയും സ്ഥിരമായി തര്‍ക്കങ്ങമുണ്ടാകാറുണ്ടെന്നാണ് വിവരം. ഭാവിയെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ് നിയമ വിദ്യാര്‍ഥിനിയായി പെണ്‍കുട്ടി. സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ ബന്ധം പിന്നീട് പ്രണയമായി വളരുകയായിരുന്നുവെന്ന് അര്‍ജുന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞു.