ദീപാവലി ആഘോഷത്തിനിടെ ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ സംഘർഷം. ക്യാമ്പസിലെ വിദ്യാര്‍ഥികളും പുറത്തുന്നിനുള്ള എബിവിപി പ്രവർത്തകരും തമ്മിലുള്ള വാഗ്വാദമാണ് സംഘർഷത്തിൽ കലാശിച്ചത്. ജയ് ശ്രീറാം, പാലസ്തീൻ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതാണ് സ്ഥിതി വഷളാക്കിയത് എന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് ജാമിയ ക്യാമ്പസിൽ എബിവിപി പ്രവർത്തകർ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. എബിവിപിയുടെ ദേശീയ നേതാക്കളും ഡൽഹി സർവകലാശാലയിലെ നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു. ഇത് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
ജയ് ശ്രീറാം വിളികൾ കൂടി ഉയർന്നതോടെയാണ് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്നാണ് വിവരം. എല്ലാ ആഘോഷ സമയത്തും സംഘർഷം ഉണ്ടാക്കാനുള്ള ശ്രമം എബിവിപി നടത്തുന്നു എന്നും പുറത്തുനിന്നുള്ളവർ ക്യാമ്പസിനകത്തേക്ക് എത്തുന്നത് അധികൃതർ തടയാത്തത് എന്തുകൊണ്ടെന്നും വിദ്യാർഥികൾ ചോദിച്ചു.
വിദ്യാർഥികൾ പലസ്തീൻ സിന്ദാബാദ് വിളിച്ച് ആഘോഷം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എബിവിപി ആരോപിക്കുന്നത്. നിലവിൽ ക്യാമ്പസിൽ സ്ഥിതി ശാന്തമാണ്. ക്യാമ്പസിന് പുറത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.