തുഷാര്‍സിങ് ബിഷ്റ്റ്, 23 വയസ്, പകല്‍ ജോലി ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലെ റിക്രൂട്ടറായി. രാത്രി ഇന്ത്യയിലെത്തിയ അമേരിക്കന്‍ മോഡല്‍. കബളിപ്പിച്ചത് എഴുന്നൂറോളം സ്ത്രീകളെ. ഒടുവില്‍ പൊലീസിന്റെ കസ്റ്റഡിയിലായി.
കമ്പനി ജോലി ജീവിതത്തില്‍ സുരക്ഷിതത്വം നല്‍കുമ്പോള്‍ വ്യാജമോഡല്‍ ജോലിയിലൂടെ തുഷാര്‍ നേടുന്നത് ചിന്തിക്കുന്നതിനുമപ്പുറത്തെ സാമ്പത്തികനേട്ടമാണ്. പകല്‍നേരത്തെ ജോലി കഴിഞ്ഞ് ഡേറ്റിങ് ആപ്പുകളിലൂടെ രാത്രി അമേരിക്കന്‍ മോഡലായി മാറുന്നു. സ്നാപ് ചാറ്റിലും ബമ്പിളിലും വ്യാജപ്രൊഫൈലുകള്‍ നിര്‍മിച്ചാണ് തുഷാറിന്റെ നാടകം. ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോസും വിഡിയോകളും ഉപയോഗിച്ച് വ്യാജസ്റ്റോറികളും ക്രിയേറ്റ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ഉപയോഗിച്ചു.
18 മുതല്‍ 30വയസ് വരെയുള്ള സ്തീകളെയാണ് ലക്ഷ്യം വക്കുന്നത്. ഈ ആപ്പുകളിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും പിന്നാലെ അവരുടെ ഫോണ്‍ നമ്പറും വിഡിയോസും ഫോട്ടോസും അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് ഈ ഫോട്ടോസ് കാണിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം വാങ്ങിക്കും. പണം നിരസിച്ചാല്‍ ഫോട്ടോസും വിഡിയോസും പല ആപ്പുകളിലും ഡാര്‍ക്ക് വെബുകളിലും അപ്‍ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു.
ബമ്പിള്‍ ആപ്പില്‍ 500ഓളം സ്ത്രീകളെയും സ്നാപ്‌ചാറ്റിലും വാട്സാപ്പിലും 200ഓളം സ്ത്രീകളെയും ഈ രീതിയില്‍ കബളിപ്പിച്ചിട്ടുള്ളത്. നല്ല സൗഹൃദം നിലനില്‍ക്കുമ്പോള്‍ ഒന്നു നേരില്‍ കാണണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ പോലും ഇയാള്‍ പലകാരണങ്ങള്‍ പറഞ്ഞ് അതൊഴിവാക്കും. ഡല്‍ഹി യൂണിവേഴ്സിറ്റി രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് തുഷാര്‍സിങ്ങിനെ പിടികൂടുന്നത്. ഡല്‍ഹി സ്വദേശിയായ തുഷാര്‍സിങ് ബിബിഎ ബിരുദധാരിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി നോയിഡയിലെ കമ്പനിയിലാണ് ജോലി.