ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. പുല്‍വാമയിലെ ത്രാലില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള തൊഴിലാളിക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ലഫ്. ഗവര്‍ണര്‍ ഉന്നതതലയോഗം വിളിച്ചു.  

യുപി ബിജ്നോര്‍ സ്വദേശിയായ ശുഭം കുമാറിനെയാണ് പുല്‍വാമയിലെ ത്രാലിലുള്ള ബജ്പുര ഗ്രാമത്തിലെ വാടകവീട്ടില്‍വച്ച് ഭീകരര്‍ ലക്ഷ്യമിട്ടത്. നാല് റൗണ്ട് വെടിയുതിര്‍ത്തു. കയ്യില്‍ വെടിയേറ്റ ശുഭം കുമാറിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ഒരാഴ്ചയ്ക്കിടെ അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ഭീകരാക്രമണമാണിത്. അതിനിടെ ഗന്ദേര്‍ബാലില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. എകെ 47 തോക്കിന് പുറമെ അമേരിക്കന്‍ നിര്‍മിത M4 റൈഫിളും ഭീകരര്‍ ഉപയോഗിച്ചെന്ന് വ്യക്തമായി. ഷോപ്പിയാനിൽ കഴിഞ്ഞ വെള്ളിയാഴ്ച ബിഹാറിൽനിന്നുള്ള ഒരു തൊഴിലാളിയെയും ഭീകരർ വെടിവച്ചുകൊന്നിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉന്നതലയോഗം വിളിച്ചു. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍, കോര്‍പ്സ് കമാന്‍ഡര്‍മാര്‍, ജമ്മു കശ്മീര്‍ ഡിജിപി, ഐബിയിലെയും അര്‍ധ സൈനിക വിഭാഗങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. 

ENGLISH SUMMARY:

Teen migrant shot at by terrorists in Jammu and Kashmir third attack in a week