TOPICS COVERED

വെര്‍ച്വല്‍ അറസ്റ്റ് പോലുള്ള  തട്ടിപ്പിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ. വിഡിയോകോളിലൂടെ ഒരു അന്വേഷണ ഏജന്‍സിയും അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കില്ലെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അനിമേഷൻ ലോകത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനുള്ള പാതയിലാണ് രാജ്യമെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. 

അന്വേഷണ ഏജൻസികളുടെ പേരിൽ ഭയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ രാജ്യത്ത് അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ വിഷയം ഉന്നയിച്ചത്. ജനം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ചുറ്റുമുള്ളവരുമായി വിഷയം ചർച്ച ചെയ്യണമെന്നുമാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. വീഡിയോ കോളിലൂടെ ഒരു അന്വേഷണ ഏജൻസിയും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കില്ലെന്ന് മനസ്സിലാക്കണം.

ഇത്തരം കോളുകൾ വരുമ്പോൾ ഭയപ്പെടുകയോ വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യരുത്. ശാന്തമായി ചിന്തിച്ച് പ്രവർത്തിക്കണം. സമൂഹത്തിന്റെ ശത്രുക്കളാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. അന്വേഷണ ഏജൻസികൾ  ശക്തമായ നടപടി സ്വീകരിച്ചു വരികയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു

നാളെ ലോക അനിമേഷൻ ദിനം ആചരിക്കുമ്പോൾ ഭാരതത്തെ ആഗോള ആനിമേഷൻ പവർ ഹൗസാക്കി മാറ്റാൻ  ദൃഢനിശ്ചയം എടുക്കാമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആനിമേഷൻ ലോകത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനുള്ള പാതയിലാണ് രാജ്യം.  ഗെയിമിംഗ് മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ഗെയിമുകൾ ലോകമെമ്പാടും പ്രചാരത്തിലുണ്ട്.  സർഗ്ഗാത്മക  തരംഗമാണ് രാജ്യത്ത് അലയടിക്കുന്നത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബിർസമുണ്ടയുടെയും സർദാർ പട്ടേലിന്റെയും ജന്മവാർഷികം കൊണ്ടാടുന്നതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

ENGLISH SUMMARY:

Narendra Modi in Mann Ki Baat not to fall for fraud like virtual arrest