ജമ്മു അഖ്നൂര്‍ സെക്ടറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ സൈനിക നായ ‘ഫാന്‍റം ’ കൊല്ലപ്പെട്ടു. ഫാന്‍റത്തിന്‍റെ വേര്‍പാടില്‍ സൈന്യം ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇന്നലെയാണ് അഖ്നൂര്‍ മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഫാന്‍റം ജീവന്‍ വെടിഞ്ഞത്.
ഫാന്‍റത്തിന്‍റെ ധൈര്യവും വിശ്വസ്തതതയും ആത്മാര്‍പ്പണവും ഒരിക്കലും മറക്കാനാവാത്തതാണെന്ന് സൈനികവക്താക്കള്‍ പറഞ്ഞു. സൈന്യത്തിൻ്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർപ്‌സ്, എക്‌സ് പ്ലാറ്റ്ഫോം പോസ്റ്റിലൂടെയാണ് വിവരം പുറത്തറിയിച്ചത്, ‘നമ്മുടെ യഥാർത്ഥ നായകൻ്റെ പരമമായ ജീവത്യാഗത്തെ അഭിവാദ്യം ചെയ്യുന്നു’ എന്നാണ് എക്സില്‍ കുറിച്ചത് .
സൈന്യം ഭീകരര്‍ക്കു നേരെ അടുക്കുന്നതിനിടെയാണ് ഫാന്‍റത്തിനു വെടിയേറ്റത്. നാലു വയസു പ്രായമുള്ള ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെടുന്ന നായയാണ് ഫാന്‍റം . 2022ലാണ ഫാന്‍റം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമായത്. 2023ലും ഇന്ത്യക്ക് ഏറ്റവും പ്രിയപ്പെട്ട മറ്റൊരു സൈനികനായയെ കൂടി നഷ്ടപ്പെട്ടിരുന്നു. 2023ല്‍ രജൗറി മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ആറുവയസു പ്രായമുള്ള ലാബ്രഡോര്‍ ഇനമായ കെന്‍റക്കിയെയാണ് അന്ന് നഷ്ടപ്പെട്ടത്.