പതിനേഴു വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പത്തൊന്‍പതിലേറെ പേര്‍ക്ക് എയ്ഡ്‌സ് രോഗബാധ സ്ഥിരീകരിച്ചു. ലഹരിക്കടിമയായ പെണ്‍കുട്ടി, ആര് ലഹരി വാങ്ങാന്‍ പണം കൊടുത്താലും അവര്‍ക്കൊപ്പം പോകുന്നത് പതിവായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. എയ്ഡ്സ് ബാധ സ്ഥിരീകരിക്കപ്പെട്ട 19 പേരും യുവാക്കളാണ്. ഉത്തരാഖണ്ഡിലെ നൈനിറ്റാളാണ് സംഭവം.
രാജ്യത്തെ ഞെട്ടിച്ച സംഭവമാണിതെന്നും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അമിത ലഹരി ഉപയോഗമാണ് അതിദാരുണമായ സംഭവത്തിന് പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
റാം നഗറിലുള്ള, പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാക്കള്‍ അസുഖ ബാധിതരായി ആശുപത്രിയില്‍ ചെന്നപ്പോഴാണ് എയ്ഡ്സ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും. ഒരേ പരിശോധനാ കേന്ദ്രത്തിലാണ് മിക്കവരും എത്തിയത്. കൗണ്‍സിലിംഗ് അടക്കമുള്ള കാര്യങ്ങളും ഇവിടെവച്ചാണ് നടന്നത്. പിന്നീടാണ് ഈ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഒരേ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടത്.
നൈനിറ്റാളില്‍ വ്യാപകമായി എയിഡ്സ് ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിരുന്നു. വര്‍ഷത്തില്‍ 20 എയ്ഡ്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നിടത്ത് അഞ്ചു മാസം കൊണ്ട് 19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആരോഗ്യവകുപ്പിലും നടുക്കമുണ്ടാക്കിയെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഹരീഷ് ചന്ദ്ര പന്ത് പറഞ്ഞു. ഈ സംഭവത്തിനു പിന്നാലെ പ്രദേശത്ത് വ്യാപകമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്.
റാംനഗരില്‍ കഴിഞ്ഞ 17 മാസത്തിനിടെ 15 എയ്ഡ്സ് കേസുകളുണ്ടായി. ഇത് ആരോഗ്യമേഖലയെ ആശങ്കയിലാഴ്ത്തുകയാണ്. യുവാക്കള്‍ അസുഖബാധിതരായി എത്തുന്നു, പരിശോധിക്കുമ്പോള്‍ എയ്ഡ്സ് ബാധ സ്ഥിരീകരിക്കപ്പെടുന്നു. അത്യന്തം അപകടകരമായ അവസ്ഥയാണിത് എന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ഇതില്‍ ഏറ്റവും സങ്കടകരമായ വസ്തുത എന്തെന്നാല്‍ ഇവരില്‍ പലരും വിവാഹിതരാണ്. ഇവരുടെ പങ്കാളികളിലേക്കും രോഗബാധ വ്യാപിക്കാനുള്ള സാധ്യതയേറെയാണ്. പതിനേഴുകാരിയില്‍ നിന്നു തന്നെയാണോ എയ്ഡ്സ് പിടിപെട്ടതെന്ന കാര്യത്തിലും പലര്‍ക്കും സംശയമുണ്ട്. പെണ്‍കുട്ടി ലഹരിക്കടിമയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് കൗണ്‍സിലിംഗില്‍ പലരും പറഞ്ഞത്. ചുരുക്കത്തില്‍ അവര്‍ ഇരകളാക്കപ്പെടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.