ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇരുപതുപേര്‍ മരിച്ചു. കൂടുതല്‍പേര്‍ ബസ്സിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുണ്ട്. ഏകദേശം 35 പേരോളം മറിയുമ്പോള്‍ ബസ്സിനുള്ളിലുണ്ടായിരുന്നു എന്നാണ് സൂചന. പൊലീസും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ചേര്‍ന്നാണ്  രക്ഷാപ്രവര്‍ത്തനം. 

മര്‍ച്ചുളയിലെ സാര്‍ട്ട് ഭാഗത്താണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് അല്‍മോറ എസ്.പി ദേവേന്ദ്ര പിഞ്ച വ്യക്തമാക്കി. ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സാര്‍ട്ട് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ അറിയിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞാണ് വിവരമറിഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

രക്ഷാപ്രവര്‍ത്തനവും വേണ്ട നടപടിക്രമങ്ങളും അടിയന്തിരമായി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി വ്യക്തമാക്കി. സങ്കടകരമായ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

At least 20 passengers were killed and many are feared trapped after a bus fell into a gorge in Uttarakhand's Almora on Monday. At least 35 people were inside the bus when the accident took place.