ജമ്മുകശ്മീരിനെ നടുക്കി വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലുണ്ടായ ഗ്രനേഡാക്രമണത്തില്‍ പന്ത്രണ്ടിലേറെപ്പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാസേനയെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത് വഴിയോരക്കച്ചവടക്കാരന്‍റെ കടയ്ക്കടുത്തായുള്ള ടൂറിസം റിസപ്ഷന്‍ കേന്ദ്രത്തിന് സമീപത്താണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരില്‍ ഭൂരിപക്ഷം പേരും നാട്ടുകാരാണ്. ആഴ്ചച്ചന്തയുടെ ദിവസമായതിനാല്‍ റോഡില്‍ ആള്‍ത്തിരക്കേറെയായിരുന്നു. ഗ്രനേഡ് വീണുപൊട്ടിയ ശബ്ദം കേട്ട് ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി. പരുക്കേറ്റവരിലേറെയും പുരുഷന്‍മാരാണ്. ആക്രമണത്തെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അപലപിച്ചു. നിഷ്കളങ്കരായ പൗരന്‍മാരെ ഉന്നമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ഒരുതരത്തിലും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. അങ്ങേയറ്റം അസ്വസ്ഥമാക്കുന്ന വാര്‍ത്തയാണിതെന്നും ഒമര്‍ അബ്ദുല്ല വ്യക്തമാക്കി.