മഹാരാഷ്ട്രയിൽ സ്ഥാനാർഥിചിത്രം തെളിഞ്ഞെങ്കിലും ഇരു മുന്നണികൾക്കും തലവേദനയായി വിമതർ രംഗത്ത്. മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് സിപിഎം ഒരിടത്തും സമാജ് വാദി പാർട്ടി നാലിടത്തും സൗഹൃദമല്‍സരം പ്രഖ്യാപിച്ചു. ആകെ 4,140 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
വിലപേശൽ ശക്തി ആയിട്ടാണ് പല വിമതരും പത്രിക സമർപ്പിച്ചത്. എന്നാൽ പിന്നീടുള്ള അനുനയ ചർച്ചകൾ പലയിടത്തും ഫലം കണ്ടില്ല. മഹാവികാസ് അഘാഡിയിൽ 22 ഉം ഭരണപക്ഷമായ മഹായുതിയിൽ 18 ഉം വിമതർ പത്രിക പിൻവലിച്ചില്ല. സ്ഥാനാർഥി ചിത്രം ഇങ്ങനെയാണ്. മഹായുതിയില്‍ ബിജെപി 148, ശിവസേന ഷിൻഡെ പക്ഷം 83, എന്‍സിപി അജിത് വിഭാഗം 56 എന്നീ സീറ്റ് ഘടനയിൽ മല്‍സരിക്കും. ആറിടത്ത് ചെറുപാർട്ടികളെയും സ്വതന്ത്രരെയും പിന്തുണയ്ക്കും. മഹാവികാസ് അഘാഡിയില്‍ 103 സീറ്റില്‍ കോണ‍്ഗ്രസും 94 സീറ്റിൽ ശിവസേന ഉദ്ധവ് പക്ഷവും 87 ഇടത്ത് എന്‍സിപി ശര്ത് പവാര്‍ വിഭാഗവും മൽസരിക്കും. രണ്ട് സീറ്റ് വീതം സമാജ് വാദി പാർട്ടിക്കും സിപിഎമ്മിനും നൽകി. ഒരിടത്ത് പെസന്‍സ് ആന്‍റ് വര്‍ക്കേഴ്സ് പാര്‍ട്ടിയും മല്‍സരിക്കും. കൂടുതൽ സീറ്റ് എന്ന ആവശ്യം നിരാകരിച്ചതോടെ സമാജ് വാദി പാർട്ടി നാലിടത്തും സിപിഎം ഒരു സീറ്റിലും മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ സൗഹൃദ മത്സരം നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.