ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതിനെ ചൊല്ലി ജമ്മുകശ്മീർ നിയമസഭയിൽ കയ്യാങ്കളി. പ്രതിപക്ഷ എംഎൽഎമാരും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതിനെ അനുകൂലിക്കുന്ന MLA മാരും തമ്മിൽ ഉന്തും തള്ളും വാഗ്വാദവും. നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണം എന്നാണ് ബിജെപിയുടെ ആവശ്യം. ഭരണഘടനയെ ഇന്ത്യ സഖ്യം വെല്ലുവിളിക്കുന്നു എന്ന് സ്മൃതി ഇറാനി ആരോപിച്ചു.
നിയമസഭ സമ്മേളനം തന്നെയാണോ എന്ന് സംശയിപ്പിക്കും വിധമായിരുന്നു ജമ്മുകശ്മീർ നിയമസഭയിൽ എം എൽ എ മാരുടെ പ്രകടനം. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഇന്നലെ പാസാക്കിയ പ്രമേയം പിൻവലിക്കണമെന്ന മുദ്രാവാക്യവുമായി പ്രതിഷേധത്തിന് തുടക്കമിട്ടത്
ബിജെപി എം എൽ എമാർ. NC,PDP , കോൺഗ്രസ്, അവാമി ഇത്തേഹാദ് പാർട്ടി തുടങ്ങിയവയുടെ എംഎൽഎമാർ എതിർത്തതോടെ കയ്യാങ്കളിയായി. പ്രമേയം ദേശവിരുദ്ധമാണെന്നാണ് ബിജെപി വാദം.
ഇതിനിടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ബാനറുമായി എൻജിനീയർ റാഷിദിൻ്റെ സഹോദരനും എംഎൽഎയുമായ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് എത്തിയത് പ്രശ്നം രൂക്ഷമാക്കി. ഭരണഘടനയെ ഇന്ത്യ സഖ്യം വെല്ലുവിളിക്കുന്നു എന്നും രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുകയാണോ എന്നും സ്മൃതി ഇറാനി ചോദിച്ചു. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി പുതിയ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ പലതവണ നിർത്തിവച്ചു.