ഒരു 'ഓകെ' പറഞ്ഞാൽ എന്ത് സംഭവിക്കും. ജോലി പോകാനും വിവാഹ മോചനത്തിനും വരെ ഓകെ കാരണമാകുമെന്നാണ് ഒരു റെയിൽവെ ജീവനക്കാരന്റെ അനുഭവം. രാത്രി ഭാര്യയുമായുള്ള സംഭാഷണത്തിനിടെ സ്റ്റേഷൻ മാസ്റ്റർ പറഞ്ഞ ഒരു ഓകെയുടെ പേരിൽ ഇന്ത്യൻ റെയിൽവെയ്ക്ക് നഷ്ടം വന്നത് മൂന്ന് കോടി രൂപയാണ്. സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷനും അതിന്റെ അവസാനമായി വിവാഹമോചനവുമാണ് ഒരു 'ഓകെ' കൊണ്ട് ഉണ്ടായത്.
സംഭവം നടക്കുന്നത് വിശാഖപട്ടണത്താണ്. സ്റ്റേഷൻ മാസ്റ്ററായ ഭർത്താവും ഭാര്യയും തമ്മിലുള്ള വിവാഹ ബന്ധം അത്ര രസത്തിലായിരുന്നില്ല. രാത്രി ഡ്യൂട്ടിയിലിരിക്കെ ഭാര്യ സ്റ്റേഷൻമാസ്റ്ററെ ഫോണിൽ വിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു. ജോലിസ്ഥലത്തായതിനാൽ 'നമുക്ക് വീട്ടിൽ സംസാരിക്കാം, ഓകെ' എന്ന് പറഞ്ഞുകൊണ്ട് സ്റ്റേഷൻ മാസ്റ്റർ ഫോൺകോൾ അവസാനിപ്പിച്ചു.
പക്ഷെ ആ 'ഓകെ' പിടിച്ചെടുത്തത് ഓഫീസിലെ മൈക്രോഫോണാണ്. അടുത്ത സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ഈ ഓകെ കേൾക്കുകയും ഗുഡ്സ് ട്രെയിനിന് മാവോയിസ്റ്റ് മേഖലയിലേക്ക് ഗ്രീൻ സിഗ്നൽ നൽകുകയും ചെയ്തു. അപകടമുണ്ടായില്ലെങ്കിലും നൈറ്റ് ടൈം റൂളിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവെയ്ക്ക് മൂന്ന് കോടി രൂപയുടെ പിഴയാണ് ലഭിച്ചത്. ഇതോടെ സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷനും ലഭിച്ചെന്നാണ് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാലിവിടം കൊണ്ടൊന്നും കേസ് തീർന്നില്ല. സസ്പെൻഷന് പിന്നാലെ സ്റ്റേഷൻ മാസ്റ്റർ വിശാഖപട്ടണം കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. സ്റ്റേഷൻ മാസ്റ്റർക്കും 70 വയസ്സുള്ള പിതാവിനും സർക്കാർ ജീവനക്കാരനായ മൂത്ത സഹോദരനും ഭാര്യാസഹോദരിമാർക്കും എതിരെ ഭാര്യയും പരാതി നൽകി.
ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഭാര്യ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷ പ്രകാരം ദുർഗ് ജില്ലാ കോടതിയിലേക്ക് പിന്നീട് കേസ് മാറ്റി. കോടതി വിവാഹ മോചന അപേക്ഷ തള്ളിയെങ്കിലും സ്റ്റേഷൻ മാസ്റ്റർക്ക് ചത്തീസ്ഗഡ് ഹൈക്കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.