പദ്ധതിക്കാവശ്യമായ പണം അനുവദിക്കാത്തതിനേത്തുടര്‍ന്ന് നേമം ടെര്‍മിനല്‍ നിര്‍മാണം സ്തംഭനത്തില്‍. 116 കോടിയുടെ പദ്ധതിക്ക് റെയില്‍വേ ഇതുവരെ അനുവദിച്ചത് ഏഴുകോടിമാത്രമാണ്. റെയില്‍വേയ്ക്ക് എന്നും കേരളത്തോട് ചിറ്റമ്മ നയമാണെന്നാണ് സംസ്ഥാനത്തിന്‍റെ പരാതി.
മറ്റ് പല പദ്ധതികളിലുമെന്നപോലെ തലസ്ഥാനത്തെ റെയില്‍വേ വികനത്തില്‍ നാഴികകല്ലാകുമെന്ന് കരുതുന്ന നേമം ടെര്‍മിനല്‍ പദ്ധതിയുടെ കാര്യത്തില്‍ അവഗണന തുടരുകയാണെന്ന ആരോപണവും ഇതോടെ ശക്തമാണ്. 2026 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് പണികള്‍ തുടങ്ങിയത്. മൂന്ന് പിറ്റ് ലൈനുകളുടേയും മൂന്ന് സ്റ്റേബ്ളിങ് ലൈനുകളുടേയും നിര്‍മാണമാണ് തുടങ്ങിയത്.
നിര്‍മാണ സാമഗ്രികളും വന്‍ തോതില്‍ ഇറക്കിയിട്ടുണ്ട്. 22 കോടിയുടെ പണികള്‍ കരാര്‍ കമ്പനി ഇതിനകം തീര്‍ത്തു കഴിഞ്ഞു. പക്ഷേ ബില്ലുകള്‍ പാസാക്കുന്നതില്‍ കാല താമസം നേരിട്ടതോടെ പണികള്‍ സ്തംഭനാവസ്ഥയിലാണ്. 116 കോടിയുടെ പദ്ധതിയില്‍ കരാര്‍ കമ്പനിക്ക് ലഭിച്ചത് ഏഴ് കോടി മാത്രമാണ്. പണം അനുവദിച്ചാല്‍ മാത്രമേ കനത്ത മഴയില്ലാത്ത സമയത്ത് കൂടുതല്‍ വേഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കു.
തിരുവനന്തപുരം –നേമം ഭാഗത്തെ പാത ഇരട്ടിപ്പിക്കല്‍ ജോലികളും ഇഴയുകയാണ്. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചും പറഞ്ഞ കാലാവധിക്കുളളിലും പണികള്‍ നടന്നില്ലെങ്കില്‍ കേരളത്തിന്റെ സ്വപ്ന പദ്ധതികൊണ്ട് കാര്യമായ പ്രയോജനം ഒന്നും ഉണ്ടാകില്ല.