സവാള കർഷകരുടെ നീറുന്ന പ്രശ്നങ്ങൾ ഇക്കുറി മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ നിർണായക ഘടകമാകും. സവാള കയറ്റുമതി നിരോധന വിഷയത്തിൽ നാസിക്കിലെ കർഷകർ ലോക്സഭാ തിരഞ്ഞെടുപ്പിൽ നൽകിയ ഷോക്ക് ട്രീറ്റ്മെന്‍റ് ഭരണകക്ഷിയായ ബിജെപി സഖ്യം മറന്നിട്ടില്ല. നാസികിലെ കാർഷിക ഗ്രാമങ്ങളിലൂടെ മനോരമ ന്യൂസിന്റെ യാത്ര.
നാസിക്കിൽ നിന്ന് ഏതാണ്ട് 70 കിലോമീറ്ററുണ്ട് കാർഷിക ഗ്രാമമായ ചാന്ദ് വാഡിലേക്ക്. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുകയാണ് സവാള വയലുകൾ. വിളവെടുപ്പ് നടക്കുന്ന ഒരിടത്ത് ഞങ്ങളെത്തി. ഇക്കുറി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. നിരാശ കലർന്ന മറുപടി. മഴക്കെടുതിയിൽ ഖാരിഫ് വിളയാകെ നശിച്ചു. മാർക്കറ്റിലെത്തിക്കാൻ കാര്യമായി ഒന്നും കിട്ടിയില്ല. വേണ്ട നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മാത്രമല്ല രാഷ്ട്രീയക്കാർ ഇവിടേക്ക് തിരിഞ്ഞു പോലും നോക്കിയില്ലെന്ന് കർഷകർ
നല്ല വില കിട്ടിക്കൊണ്ടിരുന്ന സീസണിൽ സവാളയുടെ കയറ്റുമതി നിരോധിച്ച കേന്ദ്ര സർക്കാർ കയറ്റുമതി തീരുവയും കുത്തനെ കൂട്ടിയതാണ് കർഷകർക്ക് തിരിച്ചടിയായത്. നാസിക്ക്, ദിൻഡോരി ലോക്സഭാ സീറ്റുകളിൽ ഭരണകക്ഷിയായ ബിജെപി സഖ്യത്തെ തോൽപ്പിച്ചാണ് കർഷകർ ഇതിന് മറുപടി നൽകിയത്. നിരോധനം നീക്കി കയറ്റുമതി തീരുവ അടുത്തിടെ കുറച്ചെങ്കിലും 50 രൂപ താങ്ങുവില എന്ന ആവശ്യമൊന്നും ഇനിയും അംഗീകരിക്കപ്പെട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തവ്യാപര കേന്ദ്രമായ ലാൽസൽഗാവ് മാർക്കറ്റ് കർഷകർ ബഹിഷ്കരിച്ചാൽ ഇവിടെ കേരളത്തിൽ വരെ വില കുതിച്ച് കയറും. രാജ്യത്തെ സവാള ആവശ്യത്തിന്‍റെ 40 ശതമാനവും നിറവേറ്റുന്ന നാസിക് മേഖല ഏറെ വൈകാരികമായാണ് പ്രതികരിക്കുന്നത്. സവാള വില സമരമുറയാക്കി അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാ ഗാന്ധിയും കുതിച്ചുയർന്ന സവാള വിലയിൽ അധികാരം നഷ്ടപ്പെട്ട സുഷമ സ്വരാജും പ്രതീകങ്ങളാണ്.