sanjeev-khanna

TOPICS COVERED

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേല്‍ക്കും.  പൗരത്വ നിയമ ഭേദഗതി, രാജ്യദ്രോഹക്കുറ്റം, ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പുനഃപരിശോധന തുടങ്ങി നിര്‍ണായകമായ ഒട്ടേറെ ഹര്‍ജികളാണ് സഞ്ജീവ് ഖന്നയ്ക്കു മുന്നിലുള്ളത്.  

 

സുപ്രീം കോടതിയിലെ 51–ാമത് ചീഫ് ജസ്റ്റിസായാണ് സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കുന്നത്. 1983ല്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനായി തുടങ്ങിയ ഡല്‍ഹി സ്വദേശിയായ ഖന്ന 2005ല്‍‌ ഡല്‍ഹി ഹൈക്കോടതി അഡി. ജഡ്ജിയും അടുത്ത വര്‍ഷം സ്ഥിരം ജഡ്ജിയുമായി.  ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും മുന്‍‌പുതന്നെ സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളാണ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന.  2019ലായിരുന്നു നിയമനം.  

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെക്കുകയും ഇല്ക്ട്രല്‍ ബോണ്ടുകള്‍ റദ്ദാക്കുകയുംചെയ്ത ഭരണഘടന ബെഞ്ചുകളുടെ ഭാഗമായി.  ചീഫ് ജസ്റ്റിസ് ഓഫിസിനെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതും ഡല്‍‌ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്രിവാളിന് തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം നല്‍കിയതും ഖന്നയുടെ ശ്രദ്ധേയമായ വിധികളാണ്.

സി.എ.എ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനം, വൈവാഹിക ബലാത്സംഗം, മുത്തലാഖ് തുടങ്ങി നിര്‍ണായകമായ ഒട്ടേറെ ഹര്‍ജികളില്‍ പുതിയ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കേണ്ടിവരും.  ഭരണഘടന ബെ‍‍ഞ്ച് രൂപീകരിച്ച് ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാനായുള്ള നടപടി തുടങ്ങുമോയെന്നതും കേരളം മാത്രമല്ല രാജ്യമാകെയും ഉറ്റുനോക്കുന്നു.  ആറു മാസമെന്ന കുറഞ്ഞ കാലാവധിക്കുള്ളില്‍ എത്ര കേസുകളില്‍ വിധിയറിയാനാകുമെന്ന് കാത്തിരിക്കാം.  ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സീനിയോരിറ്റി ഉണ്ടായിട്ടും അടിയന്തരാവസ്ഥയെ എതിര്‍ത്ത് വിധിന്യായം എഴുതിയതിന്‍റെ പേരില്‍ പരിഗണക്കപ്പെടാതെ പോയ സുപ്രീം കോടതി മുന്‍ ജഡ്ജ്  എച്ച്.ആര്‍.ഖന്നയുടെ അനന്തരവനുമാണ് സഞ്ജീവ് ഖന്ന.  

ENGLISH SUMMARY:

Justice Sanjeev Khanna will take charge as the Chief Justice of the Supreme Court today. There are many critical petitions before Sanjeev Khanna